തിരുവനന്തപുരം: അട്ടപ്പാടിയുടെ വികസനത്തിന് മാസ്റ്റർപ്ലാൻ തയാറാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിന് നോഡൽ ഓഫിസറെ നിയമിക്കണമെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
അട്ടപ്പാടി സന്ദർശിച്ച ശേഷമാണ് മന്ത്രി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. അട്ടപ്പാടിയിൽ വ്യാജമദ്യം ഒഴുകുന്നെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. അംഗൻവാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. നാലുദിവസത്തിനിടെ അട്ടപ്പാടിയിൽ അഞ്ച് ശിശുമരണം നടന്നതിനെ തുടർന്നാണ് മന്ത്രിസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്. അട്ടപ്പാടിയുടെ ദുരവസ്ഥ പരിഹരിക്കാൻ മാസ്റ്റർപ്ലാൻ വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അവയുടെ ഏകോപനവും നിരീക്ഷണവുമില്ലാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിക്കണം. മൂന്നുമാസക്കാലയളവിൽ വകുപ്പുകളുടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തണം.
കോളനിയിലെ യുവാക്കളും കുട്ടികളും മദ്യത്തിന് അടിമകളായി നശിക്കുകയാണ്. ലഹരിമരുന്നടങ്ങിയ സ്റ്റിക്കർ നാവിനടിയിൽ വെച്ച് ഭക്ഷണം കഴിക്കാതെ നടക്കുന്നവരുണ്ട്. മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരും ഇവിടുണ്ട്. അതിനാൽ ഇവിടെ ബോധവത്കരണവും ഫലപ്രദമായ ഇടപെടലും ആവശ്യമാണ്. ആശുപത്രികളിൽ ആധുനിക സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണം. ചികിത്സക്കായി എത്തുന്നവരെ മറ്റാശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സ്ഥിതി മാറണം.
അട്ടപ്പാടി മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള ഡോക്ടർമാരെ കണ്ടെത്തണം. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് മാസവരുമാനം ലഭിക്കുന്ന തൊഴിൽ തദ്ദേശവാസികൾക്ക് ഉറപ്പുവരുത്തണമെന്നും മന്ത്രി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് വിവരം.