കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കണ്ടത് കുറുവ സംഘത്തെയാണോ എന്ന് സ്ഥിരീകരിക്കാനായില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ. കുറവാ സംഘമിറങ്ങിയെന്ന പേരിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം ഒരാഴ്ചയായിട്ടും മോഷ്ടാക്കളെ കണ്ടെത്താത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
അതിരമ്പുഴ പഞ്ചായത്തിലെ ആറ് വീടുകളിൽ കഴിഞ്ഞ 27ന് രാത്രിയാണ് മോഷണശ്രമം നടന്നത്. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങിയതോടെയാണ് കുറവാസംഘമെന്ന പ്രചാരണമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വീടുകളിൽ ആയിരുന്നു മോഷണശ്രമം. മോഷണത്തിനെത്തിയത് കുറുവാ സംഘമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
- Advertisement -
അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും മോഷണ ശ്രമം നടന്നത്. യാസിറിന്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ സംഘം സ്ഥലം വിടുകയായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് കോട്ടയം എസ്പി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് അയർക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘത്തിൽ പെട്ടവർ എല്ലാം ഇപ്പോൾ ജയിലിലാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. മോഷണശ്രമത്തിന് പിന്നാലെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. സ്ക്വാഡുകൾ രൂപീകരിച്ച് രാത്രിയിൽ ജനങ്ങൾ തന്നെ തിരച്ചിൽ നടത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം വെമ്പള്ളിയിൽ തമിഴ്നാട് സ്വദേശിയായ ഒരാളെ കുറുവാ സംഘത്തിലെ അംഗമെന്ന പേരിൽ തടഞ്ഞ് വെച്ചിരുന്നു.
- Advertisement -