Ultimate magazine theme for WordPress.

കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ തീരു; പിങ്ക് പൊലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം

0

കൊച്ചി: പിങ്ക് പൊലീസ്  കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ  വിമർശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ആവുമോ എന്നുള്ളത് അന്ന് സർക്കാർ അറിയിക്കണം.

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് അവർക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരെ സംരക്ഷിക്കാൻ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോൾ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകൻ എന്തിനാണ് വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

- Advertisement -

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയല്ല. എന്ത് കൊണ്ടാണ് അച്ചടക്ക നടപടിയെടുക്കാൻ മടിക്കുന്നത് എന്നാണ് കോടതിയുടെ ചോദ്യം.

കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കുട്ടിക്കാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛൻ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ. നമ്പി നാരായണന് കൊടുത്തത് പോലെ നഷ്ടപരിഹാരം കൊടുക്കണമെന്നും അത് എത്ര എന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

കുട്ടിയെ ചികിത്സിച്ച ഡോക്ടർ വീഡിയോ കോൺഫ്രൻസിലൂടെ കോടതിയിൽ ഹാജരായിരുന്നു. ഇപ്പോൾ കുട്ടിയുടെ മാനസിക ആരോഗ്യത്തിൽ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർ കോടതിയെ അറിയിച്ചത്.

പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുട്ടിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു, എന്നാൽ ഈ മാപ്പ് അംഗീകരിക്കുന്നില്ലെന്നാണ് അഭിഭാഷക കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരിൽ നിന്നും നീതി കിട്ടിയില്ലെന്നുമാണ്  അഭിഭാഷകയുടെ വിശദീകരണം.

പൊലീസ് അവരുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥയെ രക്ഷിക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. നിരവിധി വകുപ്പുകൾ പ്രകാരം കേസുകൾ എടുക്കാവുന്നതാണെന്നും ഇത് ചെയ്തില്ലെന്നുമാണ് പരാതി.

- Advertisement -

Leave A Reply

Your email address will not be published.