Ultimate magazine theme for WordPress.

പിജി ഡോക്ടർമാരുമായി വീണ്ടും ചർച്ചയ്ക്ക് ആരോഗ്യമന്ത്രി, ദുരിതം തീരുമോ?

0

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജോലി ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാർ  നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താനൊരുങ്ങി മന്ത്രി വീണാ ജോർജ് . വൈകിട്ട് 5.30-നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. പിജി അസോസിയേഷന്‍ നേതാക്കള്‍ , ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍ എന്നിവരുൾപ്പെടുന്നതാകും ചർച്ച.

പ്രതിസന്ധി ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പിജി ഡോക്ടർമാരെ ആരോഗ്യമന്ത്രി വൈകിട്ട് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കേരള മെഡിക്കൽ പിജി അസോസിയേഷനുമായി ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. പരിഹാര മാർഗങ്ങൾ ചർച്ചയായില്ലെന്നും സമരം തുടരുമെന്നും ചർച്ചയ്ക്ക് ശേഷം സമരക്കാർ പറഞ്ഞു. മന്ത്രിയുൾപ്പെടുന്ന ഉന്നതതലസംഘം സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ പ്രത്യേകചർച്ച നടത്താമെന്നാണ് ഇന്നലത്തെ യോഗത്തിൽ മന്ത്രി ഉറപ്പ് നൽകിയത്.

- Advertisement -

ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ ആദ്യം. ആ കടുംപിടിത്തം തൽക്കാലം മയപ്പെടുത്തിയാണ് ഇന്നലെ ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഹൗസ് സർജന്മാർ തിരികെ ഡ്യൂട്ടിയിൽ കയറുകയും, താൽക്കാലികമായി നിയമിച്ച ജൂനിയർ റെസിഡന്‍റ് ഡോക്ടർമാർ എത്തുകയും ചെയ്തതോടെ മെഡിക്കൽ കോളേജുകളിൽ സേവനം സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല.  ഒപി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകൾ മാറ്റിവെച്ചും തൽക്കാലം മുന്നോട്ടു പോവുകയാണ്. സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

എന്നാൽ സ്റ്റൈപ്പൻഡ് വർദ്ധന, കൂടുതൽ നോൺ റസിഡന്‍റ് ഡോക്ടർമാരുടെ നിയമനം, ശമ്പളപരിഷ്കരണം നടപ്പാക്കൽ എന്നീ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ നിന്ന് പുറകോട്ട് പോകാൻ പിജി ഡോക്ടർമാർ ഇനിയും തയ്യാറല്ല.

മെഡിക്കൽ കോളേജുകളിൽ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്ന് കാട്ടിയാണ് ഡോക്ടർമാർ പ്രതിഷേധം കടുപ്പിക്കുന്നത്. സർക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പ്രതികരണം. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്. മുമ്പും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ആദ്യ സമരത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ്.ആര്‍. ആയി നല്‍കി. പി.എച്ച്.സി., എഫ്.എച്ച്.സി, എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ത്ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്‌റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട് – ഇതാണ് വീണാ ജോർജിന്‍റെ പ്രതികരണം. എന്നാൽ ഈ ഉറപ്പുകൾ തന്നെയാണ് കഴി‍‌ഞ്ഞ കുറച്ച് കാലമായി സർക്കാർ പറയുന്നതെന്നും വാക്കാലുളള ഉറപ്പുകളല്ലാതെ മറ്റൊന്നും നൽകുന്നില്ലെന്നും പി ജി ഡോക്ടർമാർ അടക്കമുള്ളവർ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.