ഡിസംബർ 15 അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു. 2005 മുതൽ ആണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയമാണ് ചായ.
ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനല്ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം. ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്.
- Advertisement -
ചൈനീസ് സംസ്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു (Lu Yu) ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. അനാഥനായിരുന്ന ഇദ്ദേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ (Monasteries) വളർന്നു വലുതായി. അക്കാദമിക് തലങ്ങളിൽ അന്നുണ്ടായിരുന്നതിൽ അഗ്രഗണ്യന്മാരിലൊരാളായി. വളരെ വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണങ്ങൾക്കു ശേഷം അദ്ദേഹം പുരാതന ചൈനയിൽ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിനൊടുവിൽ അദ്ദേഹം ചക്രവർത്തിയുടെ ബഹുമാനത്തിനു പാത്രമായി. സെൻ ബുദ്ധിസത്തിന്റെ (Zen Buddhism) വക്താവായിരുന്ന ഇദ്ദേഹം ചായകുടി അതിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പില്ക്കാലത്തു സെൻ ബുദ്ധ സന്യാസിമാരിലൂടെ അതു ജപ്പാനിലെത്തിച്ചേർന്നു.
ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിസൈ (Yeisei) എന്ന ബുദ്ധ സന്യാസിയാണ്. അദ്ദേഹം ചായയുടെ പിതാവായി ജപ്പാനിൽ അറിയപ്പെടുന്നു. ചായ ഒരു രാജകീയ വിഭവമായി ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും, കോടതികളിലും മറ്റും നല്കി വന്നിരുന്നു.
കേരളത്തിലേതിൽ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചായയിൽ, ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർക്കുന്നത് പതിവാണ്. കേരളത്തിലെ ചായ പാൽ, വെള്ളം എന്നിവ സമ അനുപാതത്തിലാണെങ്കിൽ തമിഴ്‌നാട്ടിൽ പാൽ കൂടുതലായാണ് ഉപയോഗിക്കാറ്. കർണ്ണാടകയിൽ പാലിൽ പൊടിയിട്ട് കഴിക്കുന്ന രീതിയാണെങ്കിലും ചായ ഒരു ഗ്ലാസ്സിന്റെ പകുതിയാണ് ഉണ്ടാവുക.
- Advertisement -