Ultimate magazine theme for WordPress.

ഇരിക്കുന്നിടം കുഴിക്കരുത്, അകത്താണെങ്കില്‍ പാര്‍ട്ടിക്ക് വിധേയനാകേണ്ടി വരും; ശശി തരൂരിനോട് സുധാകരന്‍

0

തിരുവനന്തപുരം: കെ റെയിലില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും, ശശി തരൂരിനോട് തങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന അതാണെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.

‘കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകള്‍ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ’ സുധാകരന്‍ പറഞ്ഞു.

- Advertisement -

കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂര്‍. അപ്പോള്‍ അദ്ദേഹത്തിന്  അദ്ദേഹത്തിന്റേതായ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും  സാധിക്കണമെന്നാണ് അദ്ദേഹത്തിനോടുള്ള കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥനയെന്നും സുധാകരന്‍ വ്യക്തമാക്കി.

ശശി തരൂരിന്റെ പ്രതികരണം ലഭിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കൂ. കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്‌നമില്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു.

ശശി തരൂര്‍ ലോകം കണ്ട നേതാവാണ് എന്നതൊക്കെ ശരിവെക്കുമ്പോള്‍ തന്നെ ഇരിക്കുന്നിടം കുഴിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗികതയാണെന്നും കെപിസിസി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ റെയില്‍ പദ്ധതി പാര്‍ട്ടി ഓഫീസാക്കി മാറ്റുകാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയില്‍ കമ്പനിയുടെ ജനറല്‍ മാനേജറെന്നും സുധാകരന്‍ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.