റീൽ വിഡിയോ കൊണ്ട് ആരാധകരെ അമ്പരപ്പിച്ച് നടൻ സുദേവ് നായർ. ചടുലമായ ചുവടുകളുമായാണ് താരം എത്തിയത്. വൻ മേക്കോവർ നടത്തിയ സുദേവ് നായര്‍, ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ലുക്ക് അനുകരിച്ചാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘മുൻപത്തേതിനേക്കാൾ മികച്ചതായിരിക്കാൻ ശ്രമിക്കുക’ എന്നു കുറിച്ചകൊണ്ടാണ് സുദേവ് നായർ വിഡിയോ പോസ്റ്റ് ചെയ്തത്.
ഹൃത്വിക് റോഷനോടുള്ള ആദരമായാണു വിഡിയോ ചെയ്യുന്നതെന്നു സുദേവ് വെളിപ്പെടുത്തി. താരത്തിന്റെ പ്രശസ്തമായ പ്രചോദനാത്മക വാക്കുകൾ കൂടി കുറിച്ചുകൊണ്ടാണ് സുദേവ് വിഡിയോ പങ്കുവച്ചത്. വിഡിയോയിൽ വിഖ്യാതതാരം മൈക്കൽ ജാക്സന്റെ മൂൺ വോക്കിനെ ഓർമിപ്പിക്കും വിധത്തിലുള്ള ചുവടുകൾ കൊണ്ടും സുദേവ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി. സുദേവ് നായരുടെ പുതിയ ലുക്കും നൃത്തരംഗങ്ങളും കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
https://www.instagram.com/p/CW-s2lQjPVy/
കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ താരമാണ് സുദേവ് നായർ. ഹൃത്വിക് റോഷന്റെ കടുത്ത ആരാധകനാണ് സുദേവ്. കൗമാരകാലം മുതൽ തുടങ്ങിയ ആരാധന ഇപ്പോഴും തുടരുന്നു. മുറിയിൽ ഹൃത്വിക്കിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ച് എന്നും അത് നോക്കി തൊഴുതുകൊണ്ടാണ് ഓരോ ദിനവും ആരംഭിക്കുന്നതെന്ന് മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സുദേവ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പങ്കുവച്ച റീൽ വിഡിയോയിലെ സുദേവിന്റെ വേഷവും ഭാവവുമെല്ലാം ഹൃത്വിക് റോഷനെ ഓർമിപ്പിക്കുന്നതാണെന്ന് ആരാധകരും പ്രതികരിക്കുന്നു. തുറമുഖം, കൊത്ത് തുടങ്ങി സുദേവ് അഭിനയിച്ച നിരവധി ചിത്രങ്ങളാണു റിലീസിനൊരുങ്ങുന്നത്.
- Advertisement -