തിരുവനന്തപുരം: പുതുവർഷത്തലേന്ന് (New year) കാണാതായ നായ്ക്കുട്ടിയെ (Puppy) തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഫഹദ്. തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തുചാടിയ നായ്ക്കുട്ടി എത്തിയത് രണ്ടരക്കിലോമീറ്റർ ദൂരത്തുള്ള മറ്റൊരു വീട്ടിലാണ്. മുരിക്കുംപുഴ ഇടവിളാകത്ത് ഷാഹിദ് അലിയും കുടുംബവും അപ്രതീക്ഷിത അതിഥിയെ കണ്ട് ആദ്യം ഞെട്ടി. പിന്നെ എവിടെ നിന്നാണ്, ആരുടെയാണ് എന്ന് അങ്കലാപ്പിലായി. ഡിസംബർ 31 രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ഷാഹിദിന്റെ വീട്ടിലേക്കുള്ള നായ്ക്കുട്ടിയുടെ അപ്രതീക്ഷിത വരവ്.
തൊട്ടടുത്ത പ്രദേശങ്ങളിലൊന്നും ആ ഇനത്തിൽപെട്ട നായ്ക്കുട്ടി ഉള്ളതായി അറിവില്ലാത്തതിനാൽ പൊലീസിൽ വിവരമറിയിക്കാനായിരുന്നു ഷാഹിദിന്റെ തീരുമാനം. മംഗലാപുരം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചപ്പോൾ രണ്ട് ദിവസം നോക്കാമെന്നും ആരും വന്നില്ലെങ്കിൽ ദത്ത് നൽകാമെന്നും ആയിരുന്നു അവരുടെ മറുപടി. പിന്നീടാണ് ഷാഹിദ് നായ്ക്കുട്ടിയെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റും ഫോട്ടോയും നായ്ക്കുട്ടിയുടെ യഥാർത്ഥ ഉടമയായ ഫഹദിന്റെ ബന്ധുവിന്റെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ഫഹദിനെ വിവരമറിയിക്കുകയും ചെയ്തു. ഇന്നലെ രാവിലെയോടെ ഫഹദ് എത്തി നായ്ക്കുട്ടിയെ തിരികെകൊണ്ടുപോയി.
- Advertisement -
രണ്ട് രാത്രിയും ഒരു പകലും നീണ്ട അന്വേഷണത്തിനൊടുവിൽ ഉടമയെ കണ്ടെത്തി നായ്ക്കുട്ടിയെ തിരികെ ഏൽപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷാഹിദ് അലിയും കുടുംബവും. വീട്ടിലെത്തിയ നായ്ക്കുട്ടിയെ സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തപ്പോഴാണ് അത് ടിബറ്റൻ ഇനമായ ടോയ് ഡോഗ് ഷീസുവാണെന്നും കുറഞ്ഞത് മുപ്പതിനായിരം രൂപയെങ്കിലും വിലയുണ്ടെന്നും സുഹൃത്തുക്കൾ പറഞ്ഞത്. അപ്രതീക്ഷിത അതിഥിയായിരുന്നെങ്കിലും വീട്ടുകാരുമായി വളരെ വേഗം തന്നെ നായ്ക്കുട്ടി ഇണക്കത്തിലാവുകയും ചെയ്തിരുന്നു.
- Advertisement -