ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ. ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്ന് കസ്തൂരി രാജ പറയുന്നു. തമിഴിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമര്‍ശം. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും കസ്തൂരിരാജ പറയുന്നു.
‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.’–കസ്തൂരിരാജ പറഞ്ഞു.
2004ലാണ് ധനുഷും രജനികാന്തിന്‍റെ മകളുമായ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. പിന്നണി ഗായിക കൂടിയായ ഐശ്വര്യ, ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്.
- Advertisement -