തിരുവനന്തപുരം: മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ തന്നെയും ആര്‍മിയില്‍ എടുക്കണമെന്നാണ് പറഞ്ഞതെന്ന് കേണല്‍ ഹേമന്ദ് രാജ്. ബാബുവിനെ രക്ഷപ്പെടുത്തി മലക്ക് മുകളില്‍ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍പ്രൈം ടൈമില്‍ സംസാരിക്കുന്നതിനിടെയാണ് ഹേമന്ദ് രാജ് ബാബുവിന്റെ പ്രതികരണം വെളിപ്പെടുത്തിയത്.
കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. ‘എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തന്നെ കിട്ടുന്ന ഒരു ഊര്‍ജമാണ് ഏറ്റവും പ്രധാനം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം’ ഹേമന്ദ് രാജ് പറഞ്ഞു.
കുത്തനെയുള്ള മലയടിവാരത്തില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താന്‍ ബെംഗളൂരു, മദ്രാസ് റെജിമെന്റുകളില്‍നിന്നായി സൈന്യത്തിന്റെ രണ്ട് സംഘങ്ങളാണെത്തിയത്.
രാത്രി പത്തരയോടെയാണ് മദ്രാസ് െറജിമെന്റിലെ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സൈനികറെത്തിയത്. ഏഴുപേര്‍ മലകയറി. രാത്രി മൂന്നോടെ മുകളിലെത്തിയ സംഘം മറ്റു രക്ഷാപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. വീണ്ടും മലകയറി ബാബു ഇരിക്കുന്ന സ്ഥലം നിരീക്ഷിച്ച് തൊട്ടുതാഴെ സുരക്ഷിതമായ സ്ഥലത്ത് തങ്ങി.
ഇവര്‍ക്കുപിന്നാലെ ബെംഗളൂരുവില്‍നിന്ന് ആര്‍മി ട്രെയിനിങ് ഓഫീസര്‍ കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തില്‍ 19 അംഗ സൈനികരും ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടാമത്തെ സംഘവും രാത്രിയോടെത്തന്നെ ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്നാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നത്.
കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഏഴംഗ സൈനികര്‍ ബുധനാഴ്ച രാവിലെ ആറരയോടെയാണ് ദൗത്യം തുടങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയുടേതുള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സഹായിക്കാന്‍ മുകളില്‍ അണിനിരന്നു. മലയുടെ മുകളില്‍നിന്ന് മറ്റൊരു ഭാഗത്തേക്ക് 400 മീറ്ററോളം താഴ്ചയിലാണ് ബാബു ഇരുന്നിരുന്നത്. ബാബുവിന് വെള്ളമെത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി ഡ്രോണുകള്‍ ഉപയോഗിച്ച് ബാബു ഇരിക്കുന്ന പ്രദേശത്തിന്റെ ഘടന മനസ്സിലാക്കി.
തുടര്‍ന്ന് കയര്‍ കെട്ടി ഒരു സൈനികന്‍ അല്പദൂരം ഇറങ്ങി സ്ഥിതി വിലയിരുത്തി. ഇതിനുശേഷമാണ് സൈനികന്‍ ബി. ബാലകൃഷ്ണന്‍ വടം ഉപയോഗിച്ച് താഴെയിറങ്ങി ബാബുവിന് സമീപമെത്തിയത്. വടം ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി. ശേഷം ബാലകൃഷ്ണന്റെ കാല്‍മുട്ടില്‍ ബാബുവിനെ ഇരുത്തി സുരക്ഷാ ബെല്‍റ്റുകളിട്ടശേഷം വടം വഴി മുകളിലേക്ക് വലിച്ചുകയറ്റി. ദൗത്യം 10 മണിയോടെ പൂര്‍ത്തിയായി.
- Advertisement -