Ultimate magazine theme for WordPress.

യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയില്‍; കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലുപേര്‍; ചരിത്രം കുറിച്ച് പിബിയില്‍ ദളിത് പ്രാതിനിധ്യവും

0

കണ്ണൂര്‍: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി പദവിയില്‍ യെച്ചൂരിക്ക് മൂന്നാം ടേമാണ്. 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്.

 

- Advertisement -

എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രക്കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള സീനിയര്‍ അംഗമാണ് വിജയരാഘവന്‍. സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദളിത് സമുദായാംഗം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പിബിയില്‍ ഇടംപിടിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള ഡോ. രാമചന്ദ്ര ഡോമിനെ ആണ് പിബിയില്‍ ഉള്‍പ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ അശോക് ധാവഌും പിബിയില്‍ ഇടംനേടി. കിസാന്‍സഭ ദേശീയ പ്രസിഡന്റാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ ധാവ്‌ളെ. എസ് രാമചന്ദ്രന്‍പിള്ള ഒഴിവായതോടെയാണ് വിജയരാഘവന്‍ പിബിയിലേക്കെത്തിയത്. പോളിറ്റ് ബ്യൂറോ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും നാലുപേര്‍ ഇടംനേടി. പി സതീദേവി, സിഎസ് സുജാത, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരാണ് കേരളത്തില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയിലെത്തിയത്. കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ ഒഴിവായി. എംസി ജോസഫൈന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവരാണ് ഒഴിവായത്.

കേരളത്തില്‍ നിന്നും പുതുതായി എത്തിയ നാലുപേര്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രക്കമ്മിറ്റിയില്‍ ഇടംപിടിച്ചത്. 85 അംഗ കേന്ദ്രക്കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഡോ. രാമചന്ദ്ര ഡോം, എ വിജയരാഘവന്‍, അശോക് ധാവ്‌ളെ എന്നിവരാണ് പിബിയിലെ പുതുമുഖങ്ങള്‍. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍.

കേന്ദ്രക്കമ്മിറ്റിയില്‍ പ്രത്യേകക്ഷണിതാക്കളായിരുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ ഒഴിവാക്കി.

വൈകീട്ട്  മഹാറാലി

പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് വൈകീട്ട് മഹാറാലി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്പടിയില്‍ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളും പൊതുസമ്മേളനവേദിയായ എ കെ ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വളന്റിയര്‍മാരില്‍നിന്ന് തെരഞ്ഞെടുത്ത 2000 പേരാണ് മാര്‍ച്ച് ചെയ്യുക. ഇതില്‍ 1000 വനിതകളാണ്.

വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിക്കും. എ കെ ജി നഗറിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.