14 ജില്ലകളിലും ഇടിയോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിലും കാറ്റ് തുടരും. വ്യാഴാഴ്ച വരെ ജാഗ്രത തുടരാനാണ് നിര്‍ദേശം. ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലക്ഷദ്വീപ് തീരങ്ങളിലും കടലില്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്.
- Advertisement -
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെയും ഏഴു ജില്ലകളില്‍ അതിശക്തമായ
മഴ മുന്നറിയിപ്പ് ( യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള്‍ നാലു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടു മുതല്‍ 10 വരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
- Advertisement -