‘വരൻ’ ന്യൂസിലൻഡിൽ; ‘വധു’ മേപ്പയ്യൂരിലെ രജിസ്ട്രാർ ഓഫീസിൽ; ഗൂഗിൾ മീറ്റിൽ സമ്മതം അറിയിച്ചു; കല്യാണവും ഓൺലൈനായി!
കോഴിക്കോട്: ന്യൂസിലൻഡിലുള്ള വരന് നേരിട്ടെത്താൻ സാധിക്കാതെ വന്നതോടെ വിവാഹം ഓൺലൈനിൽ നടന്നു. കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകൻ സൻജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടിൽ (കൃഷ്ണാ നിവാസ്) പരേതനായ പത്മനാഭൻ നമ്പ്യാരുടെ മകൾ മഞ്ജുവുമാണ് ഓൺലൈനിലൂടെ നവ ദമ്പതിമാരായത്.
കമ്പ്യൂട്ടർ സ്ക്രീനിലെ ഗൂഗിൾ മീറ്റിലൂടെ സബ് രജിസ്ട്രാർ വധൂവരന്മാരോട് സമ്മതം ചോദിച്ചു. രണ്ട് വൻകരകളിലിരുന്ന് രണ്ടു പേരും തലകുലുക്കിയതോടെ വിവാഹം നടന്നു.
- Advertisement -
ഐടി രംഗത്തു ജോലി ചെയ്യുന്ന സൻജിത്തിനു ന്യൂസിലൻഡിലെ കോവിഡ് യാത്രാ വിലക്ക് കാരണം വിവാഹത്തിനു നാട്ടിലെത്താൻ കഴിയാതിരുന്നതിനെ തുടർന്നാണു ഹൈക്കോടതിയുടെ അനുമതിയോടെ ഓൺലൈനിൽ വിവാഹ രജിസ്ട്രേഷൻ നടത്തിയത്.
കഴിഞ്ഞ ഡിസംബറിൽ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണു വിവാഹം. കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും യാത്രാ വിലക്ക് നീക്കിയിട്ടും ന്യൂസിലൻഡിൽ ഇളവു കിട്ടാത്തതിനാൽ വരന്റെ വരവു മുടങ്ങി. തുടർന്ന് വെർച്വൽ പ്ലാറ്റ്ഫോം വഴി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വധു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി അപേക്ഷ അംഗീകരിക്കുകയും ഓൺലൈൻ വഴി വിവാഹം നടത്താൻ സബ് രജിസ്ട്രാർക്കു നിർദേശം നൽകുകയും ചെയ്തു. ഇന്നലെ മേപ്പയൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന രജിസ്ട്രേഷനിൽ വരന്റെ പിതാവ് സന്തോഷും വധുവുമാണ് ഒപ്പുവച്ചത്.
- Advertisement -