വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിക്കാൻ കാരണമെന്ന ആരോപണത്തെ തള്ളി ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിക്കാൻ കാരണമെന്ന ആരോപണത്തെ തള്ളി ആരോഗ്യ വിദഗ്ധർ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്ന് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധനും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. ചാക്കോ ജേക്കബ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ നെഫ്രോളജിസ്റ്റുകളുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു ദാതാവിൽ നിന്ന് ശേഖരിക്കുന്ന വൃക്ക റിസീവറുടെ ശരീരത്തിലേക്ക് മാറ്റിവയ്ക്കുന്നതിന് മുമ്പ് 44 മണിക്കൂർ വരെ സൂക്ഷിക്കാൻ കഴിയുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വൃക്ക എത്തിക്കാൻ മൂന്ന് മണിക്കൂർ വേണ്ടി വന്നു, ഇതിനുശേഷം വീണ്ടുമൊരു മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഒരു വൃക്ക ശരീരത്തിൽ നിന്ന് എടുത്തുകഴിഞ്ഞാൽ മെഷീനിൽ വയ്ക്കാതെ പോലും മണിക്കൂറുകളോളം സൂക്ഷിക്കാൻ കഴിയും. “48 മണിക്കൂറിന് ശേഷം ഓസ്‌ട്രേലിയയിൽ ഞാൻ ഒരു വൃക്ക ഉപയോഗിച്ചിട്ടുണ്ട്”, 1972 മുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഡോ. ചാക്കോ പറഞ്ഞു.
- Advertisement -
ഏകോപനത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന സംശയത്തിൽ നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ രണ്ട് മുതിർന്ന ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. എന്നാൽ ഈ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർമാർ. ആരോഗ്യമന്ത്രിയുടെ ഈ പ്രവൃത്തി കേരളത്തിലെ ആരോഗ്യ സേവനങ്ങൾക്ക് നല്ലതല്ലെന്നും ഡോ. ചാക്കോ അഭിപ്രായപ്പെട്ടു.
- Advertisement -