Ultimate magazine theme for WordPress.

വിക്ടോറിയ കോളേജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

0

പാലക്കാട്: വിക്ടോറിയ കോളേജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ ഫിറോസ് എന്നയാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പ്രതികരിച്ചതിലെ പ്രതികാരമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നത്. കോളേജിന് സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ അനസ് നടന്നുവരുമ്പോള്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മര്‍ദ്ദിച്ചു. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.

- Advertisement -

പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ്‌ ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പോലീസിനോട് പറഞ്ഞു.

കൊപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതി പോലീസിന് മൊഴി നല്‍കി. അതേസമയം ഫിറോസിന് ഒപ്പമുണ്ടായിരുന്നത് സ്വന്തം സഹോദരനണെന്നും ഇയാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നുമാണ് വിവരം. അതിനാല്‍ തന്നെ സംഭവം നടന്നതിന് ശേഷം ഒരു വിവരവും പോലീസ് പുറത്ത് വിട്ടിട്ടില്ല. പിന്നീട് മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. കേസില്‍ ഫിറോസിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഒപ്പമുണ്ടായിരുന്നയാള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തില്ലെങ്കിലും കേസിലെ ദൃക്‌സാക്ഷിയാണ്. ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥനാണോയെന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.

തലയ്ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലത്ത് വീണപ്പോഴാണോ അതോ ബാറ്റ് കൊണ്ട് അടിയേറ്റതാണോ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. ബുധനാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ഫിറോസിന് ഒപ്പമുണ്ടായിരുന്ന വ്യക്തി തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ അംഗമാണെന്നാണ് വിവരം.

- Advertisement -

Leave A Reply

Your email address will not be published.