Ultimate magazine theme for WordPress.

നിയമന ഉത്തരവ് സതേണ്‍റെയില്‍വേ ചെയര്‍മാന്റെ പേരിലും;റെയില്‍വേ ജോലി തട്ടിപ്പില്‍ അശ്വതി പിടിയില്‍

0

മുക്കം: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയരെ (38) അന്വേഷണസംഘം കോയമ്പത്തൂരില്‍നിന്ന് പിടികൂടി.

കോയമ്പത്തൂരില്‍നിന്ന് 20 കിലോമീറ്റര്‍ മാറി, വേട്ടപ്പടി എന്ന ഗ്രാമത്തില്‍ രണ്ടു മക്കള്‍ക്കൊപ്പം ഒളിവില്‍ക്കഴിയുകയായിരുന്നു അശ്വതി. എടപ്പാളിലെ വീടിനടുത്തുള്ള സുഹൃത്താണ് കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിയാന്‍ സൗകര്യമൊരുക്കിയത്. അശ്വതിക്കൊപ്പം താമസിച്ചിരുന്ന എട്ടും പതിനഞ്ചും വയസ്സുള്ള മക്കളെ എടപ്പാളിലെ വീട്ടിലാക്കിയശേഷമാണ് ഇവരെ മുക്കം സ്റ്റേഷനിലെത്തിച്ചത്. വഞ്ചനക്കുറ്റത്തിന് കേസെടുത്ത പ്രതിയെ വെള്ളിയാഴ്ച രാവിലെ താമരശ്ശേരി മജിസ്‌ട്രേറ്റുമുമ്പാകെ ഹാജരാക്കും. കേസിലെ മറ്റു പ്രതികളായ കാരശ്ശേരി വല്ലത്തായ്പ്പാറ മണ്ണാറക്കണ്ടി ഷിജു (39), സഹോദരന്‍ ഷിജിന്‍ (32), എടപ്പാള്‍ വട്ടക്കുളം മണ്ടകപറമ്പില്‍ ബാബുമോന്‍ (39) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

- Advertisement -

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെപേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിനൊപ്പം ചെന്നൈയിലായിരുന്നു അശ്വതി താമസിച്ചിരുന്നത്. ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെനിന്നാണ് റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അശ്വതി മനസ്സിലാക്കിയതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവ് ആത്മഹത്യചെയ്തതോടെ അശ്വതിയും മക്കളും നാട്ടിലേക്ക് തിരിച്ചു.

കേസിലെ മൂന്നാം പ്രതിയായ ബാബുമോനും അശ്വതിയും സഹപാഠികളായിരുന്നു. ബാബുമോനിലൂടെയാണ് അശ്വതി രണ്ടാം പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്. അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണംചെയ്തത് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യകാലത്ത് നാല്‍പ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നത്.

ശൃംഖല വിപുലീകരിക്കപ്പെട്ടതോടെ നാലുലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. തൃശ്ശൂരില്‍ തൃപ്രയാര്‍ സ്വദേശി രാജേഷിന്റെ നേതൃത്വത്തില്‍ സമാനമായരീതിയില്‍ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.

മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ്, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റഷീദ്, ജയന്തി, റീജ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

കേസെടുത്തത് മുക്കത്ത് മാത്രം
റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തത് മുക്കത്ത് മാത്രമാണെന്ന് അന്വേഷണസംഘം പറഞ്ഞു. ബന്ധുക്കള്‍ മുഖേനയാണ് പലരും ഈ തട്ടിപ്പിനിരയായത്. ബന്ധുക്കള്‍ക്കെതിരേ രേഖാമൂലം പരാതിനല്‍കാന്‍ തട്ടിപ്പിനിരയായവര്‍ മടികാണിക്കുന്നതാണ് പ്രധാനപ്രശ്‌നമെന്ന് അന്വേഷണോദ്യോഗസ്ഥനായ മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞസമയത്ത് കബളിപ്പിക്കപ്പെട്ട ആറുപേരുടെ വീടുകളില്‍ നേരിട്ടുചെന്ന് കാര്യം തിരക്കിയതായും ആരും പരാതിതരാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ പണംകൊടുത്ത പലര്‍ക്കും 35,000 രൂപ നിരക്കില്‍ ശമ്പളമായി ലഭിച്ചിരുന്നു.അവസാനഘട്ടത്തില്‍ പണം നല്‍കിയവര്‍ക്കാണ് വലിയ നഷ്ടമുണ്ടായത്.

- Advertisement -

Leave A Reply

Your email address will not be published.