സേലം: ധര്‍മപുരി നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ട്രാവല്‍സ് ഉടമ ശിവകുമാര്‍ (50), സുഹൃത്ത് തിരുവനന്തപുരം കുന്നുകുഴി ഷൈന്‍വില്ലയില്‍ നെവില്‍ ഗ്രിഗറി ക്രൂസ്(58) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറില്‍ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ വനമേഖലയിലുള്ള ക്രഷര്‍ യൂണിറ്റിനുസമീപം രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവര്‍ വന്ന കാറുമുണ്ട്. കാറില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്തി. ഇരുവരുടെയും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാവാനും സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.ധര്‍മപുരി എസ്.പി. സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ധര്‍മപുരി ജില്ലാശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടക്കും. വരാപ്പുഴയില്‍ വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകനാണ് ശിവകുമാര്‍. ഭാര്യ: വിനീത. മക്കള്‍: ദേവിപ്രിയ, വിഷ്ണുനാഥ്, വിജയ്‌നാഥ്, വിശ്വനാഥ്.
- Advertisement -