Ultimate magazine theme for WordPress.

‘ശരീരം വിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കും’; കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ തന്ത്രം പൊളിച്ചടുക്കി മനശാസ്ത്രജ്ഞര്‍

0

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പൊലീസിനെ വഴി തെറ്റിച്ചത് ആസ്ട്രല്‍ പ്രൊജക്ഷന്‍ കഥ പറഞ്ഞാണ്. എന്നാല്‍ മനഃശാസ്ത്രജ്ഞര്‍ പ്രതിയുടെ വാദങ്ങള്‍ പൊളിച്ചു. ആത്മാവിനെ ശരീരത്തില്‍നിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമാണു താന്‍ നടത്തിയതെന്നായിരുന്നു കേഡല്‍ ജിന്‍സണ്‍ രാജ പൊലീസിനോട് ആദ്യം പറഞ്ഞ കഥ.

2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരെയാണു രാജ ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ കൊലപ്പെടുത്തിയത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ പരിശോധനയ്ക്കു വിധേയനാക്കുകയും ഡോക്ടറുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. കേഡലിനു മാനസികമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ഇതോടെ ബോധ്യപ്പെട്ടു. വീട്ടില്‍ നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമായാണു കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഒടുവില്‍ കേഡല്‍ പൊലീസിനോട് വെളിപ്പെടുത്തി.

- Advertisement -

എന്താണ്‌ ആസ്ട്രല്‍ പ്രൊജക്ഷന്‍?

ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്ന ബ്ലാക് മാജിക്കാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. 15 വര്‍ഷമായി ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ രീതി പരിശീലിക്കുന്നുണ്ടെന്നും തന്റെ ശരീരത്തില്‍ മറ്റാരോ പ്രവേശിച്ചെന്നും അയാളാണു കൊല നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞ കഥ. കൊലപാതകത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പ്രതി പറഞ്ഞു.

കൂടുവിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന തരം ബ്ലാക് മാജിക്കാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ശരീരംവിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന മനോനിലയാണിത്. അല്ലെങ്കില്‍, ഒരാള്‍ക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ചേരാനാകുമെന്നു തോന്നിപ്പിക്കുന്ന അവസ്ഥ.

ആസ്ട്രല്‍ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അര്‍ഥം. താന്ത്രിക വിദ്യയിലേതുപോലെയുള്ള മാര്‍ഗങ്ങളാണു ഇതു പരിശീലിക്കുന്ന സാത്താന്‍ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തില്‍ വിജയിച്ചാല്‍ വിശാലമായതും മറ്റുള്ളവര്‍ക്കു കാണാന്‍ പറ്റാത്തതുമായ കാഴ്ചകള്‍ കാണാനാകുമെന്നാണു വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പര്‍ശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവര്‍ പ്രചരിപ്പിക്കുന്നു.

ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ ഡ്രീം യോഗ എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ അവസ്ഥയിലേയ്‌ക്കെത്താന്‍ വിവിധ ഘട്ടങ്ങള്‍ അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഇത് ഉന്മാദവും ഭ്രാന്തും ചേര്‍ന്ന മാനസികാവസ്ഥയിലേയ്ക്ക് ആളുകളെ എത്തിക്കുന്നു. ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ ഇഷ്ടമുള്ളയിടത്തേയ്ക്ക് പറക്കാനാകുമെന്നാണ് ഇതിന്റെ പ്രചാരകര്‍ പറയുന്നത്. ആസ്ട്രല്‍ ട്രാവല്‍ എന്നും ഇതിനെ പറയുന്നു. ഇതാണ് ഇവിടെ പ്രതി കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ച തന്ത്രം.

- Advertisement -

Leave A Reply

Your email address will not be published.