‘ഉടന്‍ പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും’, വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും എന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയാണ് ഇത്തരം തട്ടിപ്പുകളുടെ ലക്ഷ്യം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും ജീവനക്കാര്‍ ആവശ്യപ്പെടുന്നതല്ലെന്നും ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
- Advertisement -
കുറിപ്പ്:
എത്രയും വേഗം പണമടച്ചില്ലെങ്കില്‍/ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ എസ് എം എസ്/ വാട്‌സാപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും ലഭിക്കുന്നുണ്ട്.
സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.
കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല.
ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്ന് അഭ്യര്‍ഥിക്കുന്നു.
ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്.
- Advertisement -