Ultimate magazine theme for WordPress.

റോഡ് പൊളിഞ്ഞ് ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി

0

കൊച്ചി: റോഡ് പൊളിഞ്ഞ് ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ദേശീയപാത അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ ആഞ്ഞടിച്ചത്. ദേശീയപാതകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇടപ്പള്ളി- മണ്ണുത്തി പാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് മൂന്നുമണിക്കകം അറ്റകുറ്റപ്പണി പൂര്‍ത്തിയാവുമെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. റോഡിലെ കുഴികള്‍ ഉടന്‍ തന്നെ അടയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ദേശീയപാത അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും വിമര്‍ശിച്ചത്.

- Advertisement -

റോഡുകള്‍ നന്നാക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്?, ദേശീയപാത അതോറിറ്റിക്ക് ഉത്തരവാദിത്തം ഇല്ലേ?, കരാറുകാര്‍ക്ക് ഇല്ലേ?, കരാറുകാരുടെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായാല്‍ അത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് കഴിയില്ലേ? എന്നിങ്ങനെ വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വകുപ്പുകള്‍ ഉണ്ടെന്ന് ദേശീയപാത അതോറിറ്റി മറുപടി നല്‍കി.

മരിച്ച് കഴിഞ്ഞതിന്  ശേഷം മാത്രമാണോ റോഡിന്റെ കാര്യത്തില്‍ നടപടിയെടുക്കുന്നത് എന്ന് ജില്ലാ ഭരണകൂടത്തോട് കോടതി ചോദിച്ചു. അതിന് മുന്‍പ് തന്നെ നടപടിയെടുക്കേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷ ജില്ലാ കലക്ടര്‍ അല്ലേ?, കലക്ടര്‍മാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല?, കലക്ടര്‍മാര്‍ കാഴ്ചക്കാരാവരുത്. മരിച്ചവരുടെ കുടുംബങ്ങളോട് ആരാണ് സമാധാനം പറയുക? എന്നിങ്ങനെയാണ് ജില്ലാ ഭരണകൂടത്തെ കോടതി വിമര്‍ശിച്ചത്.

മഴകാരണമാണ് റോഡുകള്‍ പൊട്ടിപൊളിഞ്ഞത്. മഴയുടെ ആധിക്യം കാരണമാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വന്നതെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. റോഡ് മോശമാണെങ്കില്‍ റോഡ് മോശമാണ് എന്ന് കാണിക്കുന്ന ബോര്‍ഡ് വെയ്ക്കാനുള്ള മര്യാദ പോലുമില്ലേ എന്നും കോടതി ചോദിച്ചു. ഇനി എത്ര ജീവന്‍ കൊടുത്താലാണ് റോഡ് ഒന്ന് നന്നായി കിട്ടുക എന്നും കോടതി വിമര്‍ശിച്ചു.

- Advertisement -

Leave A Reply

Your email address will not be published.