വിഴിഞ്ഞം:പഠനം നടത്താതെ പദ്ധതി നടപ്പാക്കുമോ; തൃപ്തി പ്രകടിപ്പിച്ചവര്‍ ഇപ്പോള്‍ സമരംചെയ്യുന്നു-മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തുറമുഖത്തിനെതിരെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.സമരക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് അതിനുള്ള പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ അവരോട് സംസാരിക്കാന്‍ സാധിക്കു. അതിന് വേണ്ടി ഈ വരുന്ന 24ന് മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമായ തീരുമാനം പറയുമെന്നും മന്ത്രി പറഞ്ഞു.തുറമുഖനിര്‍മാണമാണ് തീരശോഷണത്തിന് കാരണമാകുന്നതെന്ന സമരക്കാരുടെ ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. വ്യക്തമായ പഠനത്തിന് ശേഷമല്ലാതെ ഒരു പദ്ധതിയും ആര്‍ക്കും കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ വ്യക്തമായി മദ്രാസ് ഐഐടിയുള്‍പ്പെടെയുള്ള പല ഏജന്‍സികളുടെയും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.അതിലൊക്കെ നേരത്തെ ഇവരൊക്കെ തൃപ്തി പ്രകടിപ്പിച്ചതുമാണ്. ഇപ്പോഴെന്താണ് ഇങ്ങനെ തോന്നലുണ്ടായതെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി വിശദീകരിച്ചു. അവിടുത്തെ ജനപ്രതിനിധികളും നാട്ടുകാരും ഒരുപാട് പ്രശ്നങ്ങള്‍ മുമ്പ് ഉന്നയിച്ചിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെയും സമയബന്ധിതമായി പരിഹാരം കണ്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സമരം നടക്കുന്നത്. അതല്ല ആര്‍ക്കൊക്കെ ചര്‍ച്ച നടത്തണമെന്ന് തോന്നിയാലും ഞങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.