ന്യൂഡല്‍ഹി : ഇന്ത്യയും എറിത്രിയയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ സജീവമാക്കി കേന്ദ്രവിദേശകാര്യസഹമന്ത്രി ശ്രീ. വി. മുരളീധരന്റെ സന്ദര്‍ശനം. ഇന്ത്യയില്‍ നിന്ന് എറിത്രിയയിലേക്കുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനമാണിത്. ഇന്ത്യയുടെ വികസന കുതിപ്പ് മാതൃകാപരമാണെന്നും എറിത്രിയയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രസിഡന്റ് ഇസയാസ് അഫ്വര്‍ക്കി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണത്തില്‍ സാധ്യതയുണ്ടെന്നും പങ്കാളിത്തം മെച്ചപ്പെടുത്താന്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഉത്തമ സുഹൃത്തെന്നും ഊഷ്മള ബന്ധം തുടരുമെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ ശ്രീ. മുരളീധരന്‍ എറിത്രിയന്‍ പ്രസിഡന്റിനെ അറിയിച്ചു.
വിദേശമന്ത്രി ഒസ്മാന്‍ സാലെ മുഹമ്മദുമായും കേന്ദ്രവിദേശകാര്യസഹമന്ത്രി ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം മുന്നോട്ട് ഊഷ്മളമായി കൊണ്ടുപോകുന്നതിലും ഇന്ത്യന്‍ സമൂഹത്തെ പരിപാലിക്കുന്നതിലും എറിത്രിയന്‍ ഭരണകൂടത്തോട് മന്ത്രി നന്ദി പറഞ്ഞു. അസ്മാരയിലെ ഇന്ത്യന്‍ സമൂഹത്തേയും മന്ത്രി അഭിസംബോധന ചെയ്തു. രണ്ടാംലോക മഹായുദ്ധകാലത്ത് മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തിലും മന്ത്രി സന്ദര്‍ശനം നടത്തി.
- Advertisement -