ന്യൂഡല്‍ഹി: ഗ്രൂപ്പില്‍ ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഡെസ്‌ക്‌ടോപ്പില്‍ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ചിലരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഇതിന് തുടക്കമിട്ടത്.
ഫോണ്‍ നമ്പര്‍ സേവ് ചെയ്യാത്തവര്‍ക്ക് ഗ്രൂപ്പിലെ മറ്റു അംഗങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായകമാകും. കൂടാതെ ചിലപ്പോഴെങ്കിലും ചിലരുടെ പേരിന് സമാനമായ മറ്റു പേരുകള്‍ ഗ്രൂപ്പിലുണ്ടാകാം. ഈ ഘട്ടത്തിലും മറ്റു അംഗങ്ങളെ തിരിച്ചറിയുന്നതിന് പുതിയ ഫീച്ചര്‍ സഹായിക്കും.
- Advertisement -
ചിലര്‍ പ്രൊഫൈല്‍ ഫോട്ടോ സെറ്റ് ചെയ്തില്ല എന്നുവരാം. അല്ലെങ്കില്‍ സുരക്ഷ കണക്കിലെടുത്ത് ഫോട്ടോ മറച്ചുവെച്ചു എന്നുംവരാം. ഈസമയത്ത് ഡിഫോള്‍ട്ട് പ്രൊഫൈല്‍ ഐക്കണ്‍ തെളിഞ്ഞുവരും. പേരിന്റെ അതേ നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്ത നിലയിലായിരിക്കും പ്രൊഫൈല്‍ ഐക്കണ്‍.
ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറിലാണ് പുതിയ ഫീച്ചറിന് രൂപം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് ആരംഭിച്ചത്. ഡെസ്‌ക് ടോപ്പിലും ഐഒഎസ് ബീറ്റ പ്ലാറ്റ്‌ഫോമിലും പുതിയ ഫീച്ചര്‍ ലഭ്യമാക്കാനുളള പദ്ധതിയും വാട്‌സ്ആപ്പിന് ഉണ്ട്.
- Advertisement -