Ultimate magazine theme for WordPress.

പാര്‍ലമെന്റ് അംഗമാണെങ്കിലും അല്ലെങ്കിലും വയനാടിനുവേണ്ടി നിലകൊള്ളും-രാഹുല്‍ഗാന്ധി

0

കല്‍പറ്റ: ആരേയും ഭയപ്പെടില്ലെന്നും ഏതു പ്രതിസന്ധിയിലും അസ്വസ്ഥനാകില്ലെന്നും രാഹുല്‍ഗാന്ധി. കൈനാട്ടിയില്‍ യു.ഡി.എഫ് രാഷ്ട്രീയ സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലുംജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും എം.പി സ്ഥാനം നഷ്ടമായതിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ അദ്ദേഹം പറഞ്ഞു.
എം.പി എന്നത് ഒരു പദവി മാത്രമാണ്. ബി.ജെ.പിക്ക് ഈ പദവി എടുത്തുമാറ്റാനും ഒദ്യോഗിക വസതിയില്‍നിന്നു ഒഴിവാക്കാനും ജയിലില്‍ അടയ്ക്കാനും കഴിഞ്ഞേക്കാം. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതു തടയാനാകില്ല. സ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നാലോ അഞ്ചോ പേരുടെ ഉടമസ്ഥതയിലുള്ള രാജ്യത്ത് ജീവിക്കാന്‍ താത്പര്യപ്പെടുന്നവരല്ല അവര്‍.
ബി.ജെ.പിക്കെതിരെ വര്‍ഷങ്ങളായി ആശയപ്പോരാട്ടമാണ് നടത്തുന്നത്. ഇത് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലേക്ക് പോലീസിനെ വിട്ടാല്‍ താന്‍ ഭയപ്പെടുമെന്നും എം.പി സ്ഥാനം റദ്ദാക്കുകയും ഭവനം ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ അസ്വസ്ഥനാകുമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ കരുതിയത്. വയനാട്ടുകാരില്‍നിന്നു ഒരു പാട് കാര്യങ്ങള്‍ താന്‍ പഠിച്ചു. പ്രളയം ഭവനരഹിതരാക്കിയ സാഹചര്യത്തെ അവര്‍ നേരിടുന്നത് താന്‍ നേരില്‍ക്കണ്ടതാണ്.

നാലു വര്‍ഷം മുമ്പ് വയനാട്ടിലേക്ക് കടന്നുവന്നത് പാര്‍ലമെന്റ് അംഗമായി മത്സരിക്കുന്നതിനാണ്. മറ്റിടങ്ങളിലേതില്‍നിന്നു വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് നടന്നത്. ജനങ്ങള്‍ നല്‍കിയ സ്വീകരണം ഞാന്‍ അവരുടെ സഹോദരനാണ് എന്ന ചിന്തയാണ് ജനിപ്പിച്ചത്.
പാര്‍ലമെന്റ് അംഗമാകുന്നതിനു ഒരാള്‍ക്ക് പല ഗുണങ്ങള്‍ ആവശ്യമാണ്. ജനങ്ങളുടെ വികാരങ്ങളും വിഷമതകളും മനസിലാക്കാന്‍ കഴിവുള്ളയാളാകണം ജനപ്രതിനിധി. ജനങ്ങളെ അറിയാനും അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാനും സാധിക്കണം. ജനങ്ങളെ തനിക്കു മുകളില്‍ പ്രതിഷ്ഠിക്കുന്നതിനു മനസുണ്ടാകണം. വ്യക്തിപരമായ ആഗ്രഹങ്ങള്‍ ത്യജിക്കാന്‍ കഴിയണം. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പരിശ്രമമാണ് ജനപ്രതിനിനി നടത്തേണ്ടത്. പരുക്കന്‍ സ്വഭാവം ഉപേക്ഷിക്കണം. പ്രത്യാഘാതങ്ങളില്‍ ഭയപ്പെടാതെ ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെടണം.

- Advertisement -

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. ജനങ്ങളോടു പറയുന്നതില്‍ അധികവും അസത്യമാണ്. താന്‍ അങ്ങനെയാകില്ല. പൈശാചികമായി നേരിട്ടാല്‍പോലും ബി.ജെ.പിക്കാരോടും ആര്‍ദ്രതയോടെയുള്ള സമീപനം സ്വീകരിക്കും. രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ബി.ജെ.പിയുടെ ഭീഷണികളെ കോണ്‍ഗ്രസ് ഭയപ്പടുന്നില്ല. കാരണം പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നത് ശരിയായ ആശയത്തെയാണ്.

പാര്‍ലമെന്റ് അംഗമാണെങ്കിലും അല്ലെങ്കിലും വയനാടിനുവേണ്ടി നിലകൊള്ളും. ഒരോ പ്രശ്‌നങ്ങളിലും ഇടപെടും. എം.പി സ്ഥാനത്തനിന്നു അയോഗ്യനാക്കിയതുകൊണ്ട് താനും വയനാടുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവിതാന്ത്യം വരെയുള്ള ബന്ധമാണ് വയനാടുമായി ഉള്ളതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍് കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.എം.ഹസന്‍, എം.പിമാരായ കൊടിക്കുന്നേല്‍ സുരേഷ്, എം.കെ.രാഘവന്‍, ജോണി നെല്ലൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ജോയ് മാത്യു, പി.സുരേന്ദ്രന്‍, കല്‍പറ്റ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ സ്വാഗതം പറഞ്ഞു. പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഈശ്വരപ്രാര്‍ത്ഥന ചൊല്ലി.
കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളായ കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, വി.ഡി.സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍, എന്‍.ഡി.അപ്പച്ചന്‍, ഷാഫി പറമ്പില്‍, കെ.കെ. അബ്രഹാം, പി.കെ.ജയലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.