Ultimate magazine theme for WordPress.

ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റുവര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ് സങ്കീണമായ ലാബ് പരിശോധനകള്‍ ഇനി വീടിന് തൊട്ടടുത്ത്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഹബ്ബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം കര്‍മ്മ പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിലൊന്നാണ് ഹബ്ബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റുവര്‍ക്കിങ്. പത്തനംതിട്ട, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു വരുന്നു. കണ്ണൂര്‍ ജില്ലയിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. ഇത് പൂര്‍ണമായി യാഥാര്‍ത്ഥ്യമാകുന്നതോടെ സങ്കീണമായ ലാബ് പരിശോധനകള്‍ അധികദൂരം യാത്ര ചെയ്യാതെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പകര്‍ച്ച വ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍, പുതിയതായി ആവിര്‍ഭവിക്കുന്ന സാംക്രമിക രോഗങ്ങള്‍ എന്നിവയുടെ നിര്‍ണയത്തിന് ഗുണ നിലവാരമുള്ള ലാബ് പരിശോധനാ സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. നിലവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളില്‍ നിശ്ചിത പരിശോധനകള്‍ സാര്‍വത്രികമായി ചെയ്തുവരുന്നുണ്ടെങ്കിലും സങ്കീര്‍ണമായ പരിശോധനകള്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, റഫറല്‍ ലാബുകള്‍, സ്വകാര്യ ലാബുകള്‍ എന്നിവയെ ആശ്രയിക്കേണ്ടി വരുന്നു. ഈ സങ്കീര്‍ണ പരിശോധനകള്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

- Advertisement -

ഇത് പൂര്‍ണമായി സജ്ജമാകുന്നതോടെ സങ്കീര്‍ണ ലാബ് പരിശോധനകള്‍ക്കായി തൊട്ടടുത്തുള്ള ആശുപത്രിയില്‍ (സ്‌പോക്ക് ലാബ്) എത്തിയാല്‍ മതിയാകും. ഇവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിലുള്ള ഡയഗണോസ്റ്റിക് ഹബ് ലാബുകളിലേയ്ക്ക് എത്തിയ്ക്കുന്നു. പരിശോധനകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പരിശോധനാ ഫലം രോഗികളെ അറിയിക്കുന്നു. സീറോളജി, ക്ലിനിക്കല്‍ ബയോകെമിസ്ട്രി, ഹോര്‍മോണ്‍ പരിശോധനകള്‍, മൈക്രോബിയോളജി പരിശോധനകള്‍, സര്‍വയലന്‍സിന്റെ ഭാഗമായ സാമ്പിളുകള്‍, അര്‍ബുദ രോഗനിര്‍ണയ പരിശോധനകള്‍ എന്നിവ ഇതിലൂടെ ലഭ്യമാകും.

സാമ്പിളുകള്‍ പരിശോധനാ ലാബുകളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം പ്രാദേശികമായ ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തന സജ്ജമാക്കുന്നത്. പരിശോധനാ സംവിധാനങ്ങള്‍ സമയബന്ധിതമായി രോഗികളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കി വരുന്നു. ഹബ് ആന്‍ഡ് സ്‌പോക്ക് സംവിധാനം വഴി പ്രാപ്യവും സമഗ്രവും ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ലാബ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.

- Advertisement -

Leave A Reply

Your email address will not be published.