Ultimate magazine theme for WordPress.

ഡെങ്കി, എലിപ്പനി, മലേറിയ; സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; പ്രതിദിന രോ​ഗികളുടെ എണ്ണം 13,000ത്തിലേക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിരുടെ എണ്ണം ഉയരുന്നു. ഇന്നലെ പനി ബാധിച്ചത് 12,984 പേർക്ക്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. ജില്ലയിൽ ​ഗുരുതര സ്ഥിതിയാണ് നിലവിൽ. ഇന്നലെ മാത്രം മലപ്പുറത്ത് 2171 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയിൽ 53 ‍‍‍ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് ആകെ 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. എട്ട് പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. പനി ബാധിച്ചു ഇതുവരെ മരിച്ചവരിൽ 50ന് താഴെ ഉള്ളവരും കുട്ടികളും ആണ് കൂടുതലുള്ളത് എന്നത് ആശങ്ക ഉയർത്തുന്നു.

- Advertisement -

ഡെങ്കിപ്പനി കേസുകളാണ് മലപ്പുറത്ത് കൂടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടിയാണ് കേസുകൾ. മലയോര മേഖലയിലാണ് രോ​ഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. വണ്ടൂർ, മേലാറ്റൂർ ഹെൽത്ത് ബ്ലോക്കുകളിലാണ് കൂടുതൽ കേസുകളും. വണ്ടൂരിൽ 78 കേസുകളും മേലാറ്റൂരിൽ 54 കേസുകളും റിപ്പോർട്ട് ചെയ്തു.

കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഡെങ്കിപ്പനി മൂലം ഏപ്രില്‍ മാസത്തില്‍ കുഴിമണ്ണ പഞ്ചായത്തിലും ഇന്നലെ പോരൂർ പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. കൊതുകു പെരുകുന്നത് തടയാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച 13കാരന്റെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനി ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ ഇതിനു പുറത്താണ്.

- Advertisement -

Leave A Reply

Your email address will not be published.