Ultimate magazine theme for WordPress.

ദളിത് യുവാവിനെ കരണത്തടിച്ച് സ്റ്റേഷനിൽ കെട്ടിയിട്ടു; പൊലീസുകാർക്കെതിരെ അഞ്ച് മാസമായിട്ടും നടപടിയില്ല

0

തിരുവനന്തപുരം: പരാതി നൽകാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും നടപടിയില്ല. കൊല്ലം തെൻമല സ്വദേശി രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട എസ്‌ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന റിപ്പോർട്ടിലാണ് അഞ്ച് മാസമായിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത്. ഇന്നും രാജീവും കുടുംബവും പൊലീസിനെ പേടിച്ചാണ് കഴിയുന്നത്.

ഫെബ്രുവരി മൂന്നിന് തെൻമല സ്റ്റേഷനിലുണ്ടായ ദുരനുഭവത്തിൻറെ ഞെട്ടൽ ഇതുവരെ രാജീവിനും കുടുംബത്തിനും വിട്ടുമാറിയിട്ടില്ല. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിലെ പരാതി നൽകാനാണ് രാജീവ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ രസീത് ചോദിച്ചതിനാണ് സിഐ വിശ്വംഭരൻ കരണത്തടിച്ചത്. രാജീവിൻറെ പോക്കറ്റിലുണ്ടായിരുന്ന ഫോണിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതുമനസിലാക്കിയ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് രാജീവിനെതിരെ കേസെടുത്ത് തന്ത്രപൂർവ്വം ഫോൺ കൈക്കലാക്കി, തൊണ്ടി മുതലാക്കി. ഫോണിലെ ദൃശ്യങ്ങൾ മായ്ക്കാൻ രാജിവിനേയും കൊണ്ട് പുനലൂരിലെ മൊബൈൽ ഷോപ്പുകളിൽ പൊലീസ് കയറിയിറങ്ങി. തല്ലുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സിഐ വിശ്വംഭരൻറെ നിർദേശപ്രകാരം എസ്‌ഐ രഹസ്യമായി ഒത്ത് തീർപ്പിനെത്തിയിരുന്നു.

- Advertisement -

പക്ഷേ വഴങ്ങാതിരുന്ന രാജീവ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. തുടർന്ന് പൊലീസിന് വീഴ്ച ഉണ്ടായെന്ന് ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. രാജീവിനെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിൽ കെട്ടിയിട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് സേനയ്ക്ക് കളങ്കം വരുത്തിയ സിഐ വിശ്വംഭരൻ, എസ്‌ഐ ശാലു എന്നിവർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ടിൽ പക്ഷേ കഴിഞ്ഞ അഞ്ച് മാസമായിട്ടും നടപടി ഉണ്ടായിട്ടില്ല.

സിഐ തിരുവനന്തപുരത്തും എസ്‌ഐ തെൻമലയിലും ഒരു പോറൽ മേൽക്കാതെ ജോലി തുടരുകയാണ്. തൻറെ കുഞ്ഞുങ്ങളുടെ പഠനത്തിൻറെ നോട്ടുകൾ എല്ലാം പൊലീസ് പിടിച്ചെടുത്ത ഫോണിലാണെന്ന് രാജീവ് പറഞ്ഞു. ഇതെങ്കിലും തിരിച്ച് തരണമെന്നാണ് രാജീവ് അപേക്ഷിക്കുന്നത്. ഫോൺ തിരിച്ച് ചോദിച്ചപ്പോൾ സിഐ സാറിൻറെ ജോലി കളഞ്ഞിട്ട് നിൻറെ മക്കൾ പഠിക്കേണ്ട എന്നായിരുന്നു മറുപടിയെന്നും രാജീവ് പറയുന്നു. കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ആരും ജോലി പോലും നൽകാത്ത അവസ്ഥയാണെന്നും എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും രാജീവ് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.