Ultimate magazine theme for WordPress.

അമ്പത് ലക്ഷത്തിന്റെ ബാദ്ധ്യത തീർക്കാൻ അരും കൊല, പേരക്കുട്ടിയുടെ ഭർത്താവ് പിടിയിൽ

0

പെരിന്തൽമണ്ണ: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ. രാമുപുരം ബ്ലോക്കുപടി മുട്ടത്തിൽ ആയിഷ(75)യെ കൊലപ്പെടുത്തിയ കേസിൽ മമ്ബാട് സ്വദേശി നിഷാദ് അലി(34) ആണ് പൊലീസിന്റെ പിടിയിലായത്. ആയിഷയുടെ പേരമകളുടെ ഭർത്താവായ ഇയാൾ കവർച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലായ് 16നാണ് ആയിഷയെ വീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

ഒറ്റയ്ക്കുതാമസിക്കുന്ന ആയിഷ പകൽ സ്വന്തംവീട്ടിലും രാത്രി സമീപത്തെ മകന്റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം പേരക്കുട്ടികൾ വിളിക്കാനെത്തിയപ്പോഴാണ് രക്തംവാർന്ന് ശുചിമുറിയിൽ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസിനെതിരേ പ്രതിഷേധവും ഉയർന്നു.

- Advertisement -

വീട്ടിൽ ചായയും ഓംലറ്റുമുണ്ടാക്കി ആതിഥ്യമര്യാദ കാണിച്ചതുപോലെയുള്ള തുമ്ബിൽ നിന്നാണ് അടുത്ത ബന്ധുക്കളോ പരിചയമുള്ളവരോ ആകാം കൊലയ്ക്കുപിന്നിലെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് ബന്ധുക്കളുൾപ്പടെ ആയിരത്തോളം പേരെയാണ് നേരിട്ടും ഫോണിലൂടെയും ചോദ്യംചെയ്തത്. ഇതിനിടെ നിഷാദ് അലിക്കെതിരെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിലമ്ബൂർ പൊലീസിലുള്ള വഞ്ചനക്കേസ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിഷാദ് അലിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് അന്വേഷണം തന്നിലേക്ക് നീണ്ടതോടെ ഇയാൾ ഒളിവിൽപോവുകയായിരുന്നു. ഇയാൾക്ക് അമ്ബത് ലക്ഷം രൂപയുടെ കടബാദ്ധ്യതകളുമുണ്ട്. ഇത് തീർക്കാൻ വേണ്ടിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആയിഷയുടെ വീട്ടിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടതും കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

എപ്പോൾ വേണമെങ്കിലും വീട്ടിൽ കയറിചെല്ലാൻ സ്വതന്ത്രം ആർജ്ജിച്ച നിഷാദലി ആയിഷുമ്മയുടെ വീടിനടുത്ത് വൈകുന്നേര സമയങ്ങളിൽ വന്നെങ്കിലും സമീപത്തെ കടകളിലും മറ്റും ആളുകൾ ഇരിക്കുന്നതിനാൽ സമയം മാറ്റി അതിരാവിലെ എത്തുകയായിരുന്നു. ജൂലൈ 16ന് അതി രാവിലെ ആയിഷ്ടമ്മയുടെ വീട്ടിലെത്തി. വീടിനകത്തുകയറി വിശേഷങ്ങൾ ചോദിച്ചും മറ്റും കുറച്ചു സമയം ഇരുന്നു.

അതിനിടയിൽ ആയിഷുമ്മ ചായയും ഓംലറ്റും ഉണ്ടാക്കി കൊടുത്തു. ശേഷം നിഷാദ് അലി തനിക്ക് ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് അകത്തെ ബാത്ത് റൂമിൽ പോയി കയ്യിൽ ഗ്ലൗസ് ധരിച്ച് വന്നാണ് ആയിഷുമ്മയെ ശ്വാസം മുട്ടിച്ചും ക്രൂരമായി മർദ്ദിച്ചും കൊലപ്പെടുത്തിയത്. ശേഷം ആദരണങ്ങൾ കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സ്‌കൂളിൽ നിന്നും 80,000 രൂപ മോഷണം പോയ കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്‌കുമാർ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.