Ultimate magazine theme for WordPress.

എകെജി സെന്റർ വെറുമൊരു വേസ്റ്റ് കളക്ഷൻ സെന്ററായി, അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും സിപിഎമ്മിനു റാഞ്ചാൻ സാധിച്ചിട്ടില്ലെന്ന് കെ സുധാകരൻ

0

തിരുവനന്തപുരം: ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്ബലമായി അധഃപതിച്ച സി.പി.എം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വേസ്റ്റ് കളക്ഷൻ സെന്ററായി എ.കെ.ജി സെന്റർ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സി.പി.എമ്മിനു റാഞ്ചാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പശ്ചാത്തലത്തിലായിരുന്നു സുധാരന്റെ പ്രതികരണം.

പിണറായിയുടെ തോക്കുമുനിയിൽ പാർട്ടിയെയും അണികളെയും നിർത്തിയിരിക്കുന്ന സി.പി.എം, കോൺഗ്രസിൽ അച്ചടക്കരാഹിത്യത്തിന് പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് ആ പാർട്ടിയുടെ രാഷ്ട്രീയപാപ്പരത്തിന്റെ ആഴം വെളിവാക്കുന്നു. കോൺഗ്രസിൽ ഏകാധിപത്യമെന്നു പറയുന്നവർ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണു പോകുന്നു എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്.

- Advertisement -

സി.പി.എമ്മിൽ ഒരംഗമാകാൻ ദീർഘകാലത്തെ പ്രവർത്തന പാരമ്ബര്യവും മറ്റും പാർട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്. എന്നാൽ കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട ഒരാളെ സ്വീകരിച്ച് ഏതു പദവിയും നല്കുമ്‌ബോൾ സി.പി.എമ്മിന്റെ ഭരണഘടനയൊക്കെ കാശിക്കുപോകും. വിരുന്നുകാർ അകത്തും വീട്ടുകാർ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികൾക്കു തോന്നിയാൽ അതിന് അവരെ കുറ്റംപറയാനാകില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

എ.കെ.ജി സെന്ററിലേക്ക് കടന്നു ചെന്ന അനിൽകുമാർ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എ.കെ.ജി സെന്ററിലേക്കു കടന്നുചെല്ലാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. അതിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്. 42 വർഷത്തെ പ്രവർത്തന പാരമ്ബര്യമുള്ള അദ്ദേഹത്തിന് പത്ത് പ്രവർത്തകരുടെ പോലും പിന്തുണ ആർജിക്കാൻ സാധിച്ചില്ല എന്നത് അദ്ദേഹം പാർട്ടിയുടെ ബാദ്ധ്യതയാണെന്നു തെളിയിക്കുന്നതാണ്.

തുടർച്ചയായി ഭരണം ലഭിച്ചിട്ടുപോലും നാലാളെ കൂട്ടാൻ കൂറുമാറ്റത്തെയും ചാക്കിട്ടുപിടിത്തത്തെയും ആശ്രയമാക്കുന്ന സി.പി.എമ്മിന്റെ ഗതികേട് ഭയാനകമാണ്. ഒരു പ്രലോഭനവും നല്കുന്നില്ല എന്ന പറഞ്ഞ അതേ നാവിൽ തന്നെയാണ് കോടിയേരി ബാലകൃഷ്ണൻ, പാർട്ടി വിട്ടു വരുന്നവർക്ക് മാന്യമായ സ്ഥാനവും പരിഗണനയും നല്കുമെന്നു പറഞ്ഞത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന് ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

കെ.പി.സി.സിയുടെ താക്കോൽ സൂക്ഷിപ്പുകാരനാണ് പാർട്ടി വിട്ടതെന്നു പറയുന്ന കോടിയേരി, ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബി.ജെ.പിക്ക് അടിയറവ് വച്ചാണ് സി.പി.എം നേതാക്കൾ പാർട്ടി വിട്ടതെന്ന കാര്യം മറക്കരുത്. സെമി കേഡർ പാർട്ടി എന്താണെന്ന് ആറു മാസത്തിനുള്ളിൽ ഞങ്ങൾ ബോദ്ധ്യപ്പെടുത്തി തരാം. പുതിയ സമീപനങ്ങളും പദ്ധതികളുമായി കോൺഗ്രസ് വൻ മുന്നേറ്റം നടത്തുകയാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് പാർട്ടിയിലെ അസംതൃപ്തരെ കൂട്ടുപിടിച്ച് അതിനു തടയിടാൻ സി.പി.എം ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

- Advertisement -

Leave A Reply

Your email address will not be published.