രാജകുമാരി: പൂപ്പാറ എസ് വളവിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭർത്താവ് അത്ഭുതകരമായി രക്ഷപെട്ടു. ചട്ടമൂന്നാർ സ്വദേശിനി വിജി (33) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
ഭർത്താവ് കുമാർ (40) പരിക്കേൽക്കതെ രക്ഷപെട്ടു. ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. തമിഴ്‌നാട് മധുരയ്ക്ക് സമീപത്തെ ശ്രീവല്ലിപുത്തൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുകയായിരുന്നു ഇരുവരും.
- Advertisement -
ഇറക്കവും, കൊടും വളവുകളുമുള്ള എസ് വളവിൽ എത്തിയപ്പോൾ മുകൾഭാഗത്തെ തിട്ടയിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയ ഒറ്റയാൻറെ മുന്നിൽ ഇവർ ചെന്നുപെടുകയായിരുന്നു. കുമാർ ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റോഡിൽ മറിഞ്ഞുവീണു. ഇതിനിടെ ഇരുവർക്കും അടുത്തെത്തിയ ഒറ്റയാൻ വിജിയുടെ തലയിൽ ചവിട്ടി കടന്നുപോയി.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയോട്ടി തകർന്ന ഇവർ തൽക്ഷണം മരണമടയുകയായിരുന്നു. കുമാർ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. ചട്ടമൂന്നാറിൽ തോട്ടം തൊഴിലാളികളാണ് ഇരുവരും. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
- Advertisement -