Ultimate magazine theme for WordPress.

1.14 ലക്ഷത്തിന്റെ ലാപ്ടോപ്പ് ഓൺലൈനിൽ ബുക്കുചെയ്തു; വിദ്യാർഥിനിക്ക് ലഭിച്ചത് കടലാസ് കെട്ടുകൾ

0

പറവൂർ: ലോക്ക്ഡൗണിനിടെ വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാർഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാർഥിനി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ പോലീസ് ഹരിയാണയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവർ ആരോപണം നിഷേധിച്ചു. എന്നാൽ ശാസ്ത്രീയ തെളിവുകൾ സൈബർ പോലീസ് നിരത്തിയതോടെ വിദ്യാർഥിനിക്ക് പണം തിരികെ നൽകാമെന്ന് കമ്പനി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് പറവൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർഥിനി ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി ലാപ്പ്ടോപ്പ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടിൽ നിന്നും പണവും നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പാഴ്സലുമെത്തി. പാഴ്സൽ തുറന്ന് നോക്കിയപ്പോൾ പഴയ കടലാസുകൾമാത്രമാണ് ഉണ്ടായിരുന്നത്. പാഴ്സൽ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ഉൾപ്പെടുത്തി ഓൺലൈൻ ഷോപ്പിങ് സൈറ്റിന് പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് വിദ്യാർഥിനി ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തിൽ ആലുവ സൈബർ പോലിസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു.

- Advertisement -

ഓൺലൈൻ ഷോപ്പിങ് സൈറ്റിനുവേണ്ടി ലാപ്പ്ടോപ്പ് നൽകിയത് ഹരിയാണയിൽ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തുകയുമായിരുന്നു. ഈ കമ്പനി കൃഷി – ഹെർബൽ സംബന്ധമായ ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന സ്ഥാപനമാണ്. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവർ സമ്മതിച്ചില്ല. എന്നാൽ ശാസ്ത്രീയ അന്വേഷണങ്ങളുടെയും, തെളിവുകളുടേയും വെളിച്ചത്തിൽ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയിൽ ലാപ് ടോപ്പിന് അടച്ച തുക വിദ്യാർഥിനിക്ക് തിരികെ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

സൈബർ എസ്.എച്ച് ഒ എം.ബി ലത്തീഫ്, സീനിയർ സിവിൽ പോലിസ് ഓഫീസർ പി.എം തൽഹത്ത് തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുള്ളത്. തുടർ നടപടികളുമായി മുന്നോട് പോകുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.