Ultimate magazine theme for WordPress.

കറിവെക്കാം, കട്ലറ്റുണ്ടാക്കാം; ഓഖിയ്ക്ക് പിന്നാലെ കേരള തീരത്തെത്തിയ ക്ലാത്തി വൻ ഹിറ്റ്

0

ചെറായി: മത്സ്യപ്രിയർക്ക് തീരെ അപരിചിതമായ ക്ലാത്തി മലയാളികളുടെ തീൻമേശയിലേക്കും എത്തിയിരിക്കുകയാണ്. സുനാമിക്ക് ശേഷം കടലിൽ കണ്ടെത്തിയ അപരിചിതമായ മത്സ്യത്തിന് ക്ലാത്തി എന്ന ഓമനപ്പേരു നൽകിയത് മത്സ്യത്തൊഴിലാളികളാണ്. അടുത്തകാലത്ത് കടലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് വ്യാപകമായി ലഭിക്കുന്ന ക്ലാത്തിയുടെ തൊലി വളരെ കടുപ്പമേറിയതാണ്. മത്സ്യങ്ങൾ മുറിച്ച് വൃത്തിയാക്കിക്കൊടുക്കുന്ന ചില ഫിഷ് സ്റ്റാളുകളിലാണ് ക്ലാത്തി വിൽപ്പനയ്ക്കുള്ളത്.

കടുത്ത തോലായതിനാൽ മുറിച്ച് വൃത്തിയാക്കാതെ വീടുകളിൽ കൊണ്ടുപോയാൽ വീട്ടമ്മമാർക്ക് പണിയാകുമെന്നതിനാൽ തൊലി ചെത്തിമാറ്റി മുറിച്ചേ വിൽപ്പന നടത്തൂ. ഇതിന്റെ മുള്ളുകളാകട്ടെ എല്ലുകൾക്ക് തുല്യമാണ്. 80 മുതൽ 120 രൂപ വരെയാണ് സ്റ്റാളുകളിൽ കിലോയ്ക്ക് വാങ്ങുന്നത്. ഏറെ രുചികരമായ ഇതിന്റെ മാംസം നല്ല ഉറച്ചതാണ്. മറ്റു വിലകുറഞ്ഞ മത്സ്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീനും കൂടുതലാണത്രേ. സാധാരണ കറികൾ ഉണ്ടാക്കുന്നതിനോടൊപ്പം ഫിഷ് കട്‌ലറ്റ് ഉണ്ടാക്കാൻ ഇതിന്റെ മാംസം കേമമാണ്. ആദ്യമാദ്യം സാമ്പിളായി കൊണ്ടുവന്ന് സ്റ്റാളിൽ പ്രദർശനത്തിന്‌ െവച്ചിരുന്ന ക്ലാത്തി പരീക്ഷണാർത്ഥം വാങ്ങി കറിവെച്ച് രുചിയറിഞ്ഞതോടെ ആവശ്യക്കാർ കൂടിയിട്ടുണ്ടെന്ന് ചെറായി കരുത്തലയിലെ സ്റ്റാർ ഫിഷ് സ്റ്റാൾ നടത്തിപ്പുകാരായ പി.എസ്. സജീവ്, ഒ.സി. സൈജു, ചിന്നൻ എന്നിവർ പറയുന്നു.

- Advertisement -

ആഴക്കടലിനുമപ്പുറം പാറയുള്ള ഭാഗങ്ങളിൽ കണ്ടുവരുന്ന ഈ മത്സ്യം, സുനാമിക്ക് ശേഷമാണ് തീരത്തേക്ക് അടുക്കാൻ തുടങ്ങിയത്. എന്നാലും കന്യാകുമാരി കടലിലാണത്രേ ആയിടയ്ക്ക് വ്യാപകമായി കണ്ടിരുന്നത്. ഓഖി കൊടുങ്കാറ്റിനു ശേഷം ഇത് കേരളതീരത്തേക്കും വന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കറുപ്പ്, മഞ്ഞ, വെള്ള നിറങ്ങളിൽ കണ്ടുവരുന്ന ഈ മത്സ്യം, സാമാന്യം വലുപ്പമുള്ളവയാണ്. ഒരെണ്ണം ഒരു കിലോ വരെ തൂങ്ങുന്ന വലുപ്പമുള്ള ക്ലാത്തിയും കണ്ടുവരുന്നു.

കറുത്തയിനത്തെ മീൻ, കോഴി എന്നിവയ്ക്ക് തീറ്റയ്ക്കായി പൊടിക്കാനാണ് എടുക്കുന്നത്. വെള്ള, മഞ്ഞ നിറത്തിലുള്ളവ മുറിച്ച് ഇതിന്റെ മാംസം കയറ്റിപ്പോകുകയാണത്രേ. ഓഖിക്കു ശേഷം ഹാർബറുകളിൽ ഇത് വൻതോതിൽ ബോട്ടുകൾ പിടിച്ച് എത്തിച്ചിരുന്നു. ഹാർബറിൽ കിലോയ്ക്ക് 40 മുതൽ 60 വരെ രൂപ വില ലഭിച്ചിരുന്ന ക്ലാത്തി, ആ സമയത്ത് മത്സ്യബന്ധന ബോട്ടുകളുടെ നിലനിൽപ്പിനെത്തന്നെ തുണച്ചിരുന്നുവെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.