മോൻസണെ പരിചയപ്പെടുത്തിയത് സുഹൃത്തായ പ്രൊഡക്ഷൻ കൺട്രാേളർ, വിശ്വസിക്കാനുള്ള കാരണം വെളിപ്പെടുത്തി ശ്രീനിവാസൻ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മാേൻസൺ മാവുങ്കലിനെ കാണാൻ പോയത് ഡോക്ടറാണെന്ന് അറിഞ്ഞതിനാലാണെന്നും അല്ലാതെ അയാളുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി നടൻ ശ്രീനിവാസൻ. പരിചയപ്പെടുമ്‌ബോൾ അയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ടിപ്പുസുൽത്താന്റെ സിംഹാസനം എന്ന് മോൻസൺ പ്രചരിപ്പിച്ചിരുന്ന കസേരയിൽ ശ്രീനിവാസൻ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മാേൻസണെ പരിചയപ്പെടുത്തിയത് പ്രൊഡക്ഷൻ കൺട്രോളറായ ഒരു സുഹൃത്താണ്. ഡോക്ടർ എന്ന് അറിഞ്ഞതോടെയാണ് കാണാൻ പോയത്. അന്ന് ഡോക്ടറായിരുന്നു. ഇപ്പോൾ ഡോക്ടറാണോ എന്നറിയില്ല. ഡോക്ടറെ കാണാൻ പോകുന്നതിൽ തെറ്റില്ലല്ലോ. അവിടെയെത്തിയപ്പോൾ അദ്ദേഹം പുരാവസ്തുക്കളെക്കുറിച്ചൊന്നും എന്നോട് പറഞ്ഞില്ല. എന്റെ രോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. ഹരിപ്പാടുള്ള ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയാൽ നന്നായിരിക്കും എന്നും പറഞ്ഞു. ഡോക്ടറായതിനാൽ പറഞ്ഞതിൽ വിശ്വാസം തോന്നി. ആശുപത്രിയിൽ വിളിച്ച് ഏർപ്പാടാക്കിയതും മോൻസണാണ്. ഞാനറിയാതെ ചികിത്സയ്ക്കുള്ള പണവും ആശുപത്രിയിൽ നൽകി. അതിനുശേഷം അയാളെ ഇതുവരെ കണ്ടിട്ടില്ല. മോൻസന്റെ വീട്ടിൽപാേയപ്പോൾ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു. അത് ടിപ്പുവിന്റെ സിംഹാസമാണെന്നൊന്നും ആരും പറഞ്ഞില്ല. അതിൽ ഇരുന്നപ്പോൾ ആരോ ഫോട്ടോ എടുത്തു. ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്ന സുഖമൊന്നും എനിക്ക് കിട്ടിയില്ല- ശ്രീനിവാസൻ പറഞ്ഞു.
- Advertisement -
മോൻസണെതിരെ പരാതി കൊടുത്തവരിൽ രണ്ടുപേർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്. ഒരാൾ സ്വന്തം അമ്മാവന്റെ കോടികളാണ് പറ്റിച്ചത്. പണത്തിന് അത്യാർത്തിയുളളവരല്ലാതെ ആരും ചതിയിൽ പെട്ടിട്ടില്ല. പത്തുകോടി കാെടുത്ത് 50 കോടി അടിച്ചുമാറ്റാനുളള അത്യാർത്തിയാണ്. സിനിമയെടുക്കാൻ തന്റെ സുഹൃത്തിന് അഞ്ചുകോടി രൂപ വാഗ്ദ്ധാനം ചെയ്തു – ശ്രീനിവാസൻ വെളിപ്പെടുത്തി.
സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രശസ്തർക്കൊപ്പമുള്ള മാേൻസന്റെ നിരവധി ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രമുഖ വ്യക്തികളെ വീട്ടിലേക്ക് ക്ഷിച്ചുവരുത്തി ചിത്രമെടുത്തത് തട്ടിപ്പിന് മറയാക്കാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയടക്കമുള്ള പൊലീസ് ഉന്നതരുമായി മാേൻസണ് വളരെ അടുത്ത ബന്ധമുണ്ടെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
- Advertisement -