ഹൈദരാബാദ്: നാഗചൈതന്യയിൽ നിന്ന് വിവാഹ മോചനത്തോടനുബന്ധിച്ച് അവകാശപ്പെട്ട 200 കോടി രൂപ വേണ്ടെന്ന് സമാന്ത അറിയിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് വേർപിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേർ പിരിയലെന്നും വ്യക്തമാക്കിയിരുന്നു. നാലാമത്തെ വിവാഹ വാർഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാർത്ത പുറത്തുവന്നത്.
വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തിൽ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞു. നാഗചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നും തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുൻനിരയിലെത്തിയ നടിയാണ് താനെന്നും അവർ പറഞ്ഞു.
- Advertisement -
വ്യക്തിപരമായ പ്രശ്നങ്ങൾ മാറ്റിവച്ച് സാമന്ത ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ‘വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമുണ്ട്. പ്രൊഫഷണൽ കാര്യങ്ങൾക്ക് മാത്രമാണ് സാമന്ത ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തെലുങ്ക് സിനിമാ മേഖലയിൽ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരിൽ നിന്ന് നാഗചൈതന്യ ഒഴിവാക്കിയതോടെയാണ് ഇരുവരും പ്രശ്നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങൾ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്ന കാര്യം അറിയിച്ചു. സാമന്ത അഭിനയിച്ച വെബ്സീരീസ് ഫാമിലി മാൻ-2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
- Advertisement -