Ultimate magazine theme for WordPress.

മുംബൈ ലഹരി പാർട്ടി; ഷാരൂഖിൻറെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ, കുരുക്ക് മുറുക്കി എൻസിബി

0

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത ആര്യൻ ഖാൻറെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവരെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയിരിക്കുകയാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനാണ് ആര്യൻ. എട്ട് പേരാണ് കേസിൽ എൻസിബിയുടെ കസ്റ്റഡിയിലായത്.

അതേസമയം, ഇവർക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എൻസിബി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവരിൽ നിന്നു തന്നെയാണ് വിവരങ്ങൾ ലഭിച്ചതെന്നും കസ്റ്റഡിയിൽ ഉള്ളവർക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. നടൻ അർബാസ് സേത്ത് മർച്ചൻറ്, മുൺമൂൺ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

- Advertisement -

മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ഇവരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടി. പിടിച്ചെടുത്ത കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിൽ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോർഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലിൽ ശനിയാഴ്ച ലഹരിപ്പാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറിപ്പറ്റുക ആയിരുന്നു. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാർട്ടി നടത്തിയവർ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകൾ വിറ്റുപോയി. ഒക്ടോബർ രണ്ട് മുതൽ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയപ്പോൾ മയക്കുമരുന്ന് പാർട്ടി ആരംഭിച്ചു. പാർട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഫാഷൻടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് പരിപാടുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്നു നൂറിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തിനു പിന്നിൽ ബോളിവുഡ് ബദ്ധമുണ്ടെന്ന് എൻസിബി തലവൻ എസ്എൻ പ്രധാൻ പറഞ്ഞിരുന്നു. രഹസ്യവിവരത്തെ തുടർന്ന് രണ്ട് ആഴ്ചയിലേറെ നീണ്ടുനിന്ന അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

 

- Advertisement -

Leave A Reply

Your email address will not be published.