മുംബൈ: ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ആയുധങ്ങളുമായെത്തി കൊള്ളയും കൂട്ടബലാത്സംഗവും നടത്തിയ സംഘം എത്തിയത് യാത്രക്കാരെന്ന വ്യാജേന. തങ്ങളെ എതിർക്കാൻ ശ്രമിച്ചവരെയെല്ലാം ആയുധങ്ങൾ കാട്ടി ഭയപ്പെടുത്തിയും പരിക്കേൽപ്പിച്ചുമായിരുന്നു കൊള്ള. സഹയാത്രികരിലൊരാളെ അക്രമികൾ കൂട്ടബലാത്സംഗത്തിനിരയാക്കുമ്‌ബോഴും ശബ്ദമുയർത്താൻ പോലും ആരെയും അനുവദിച്ചില്ല.
ലഖ്‌നോ-മുംബൈ പുഷ്പക് എക്‌സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രിയിൽ സ്ലീപ്പർ ക്ലാസിൽ യാത്രക്കാരെല്ലാം ഉറക്കമായിരിക്കുമെന്നത് മുൻകൂട്ടി കണ്ടായിരുന്നു കൊള്ളസംഘത്തിൻറെ വരവ്. മഹാരാഷ്ട്രയിലെ ഇഗാത്പുരി സ്റ്റേഷനിൽ നിന്നാണ് എട്ടംഗ അക്രമിസംഘം സ്ലീപ്പർ കോച്ചിൽ കയറിയത്. മാരകായുധങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു.
- Advertisement -
ട്രെയിൻ മുംബൈയിലെ കസാറ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാർ ബഹളംവെച്ചതോടെയാണ് റെയിൽവേ പൊലീസ് എത്തിയത്. കൊള്ളസംഘത്തിലെ രണ്ടുപേരെ സ്ഥലത്തുനിന്ന് പിടികൂടി. പിന്നീട് രണ്ടുപേരെയും പിടികൂടി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. 34,000 രൂപയുടെ കവർച്ചമുതൽ തിരികെ കിട്ടിയിട്ടുണ്ട്. കവർച്ചയ്ക്കും ബലാത്സംഗത്തിനും കേസെടുത്തതായും മറ്റു പ്രതികൾക്കായി വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
- Advertisement -