Ultimate magazine theme for WordPress.

പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രം; കല്‍ക്കരി വിതരണത്തിന് റെയില്‍വെയുടെ സഹായംതേടി

0

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട ഏറ്റവും മോശം സാഹചര്യം രാജ്യം തരണംചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ വൈദ്യുതി ഉദ്പാദനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദിവസങ്ങള്‍ക്കകം കല്‍ക്കരി വിതരണം പ്രതിദിനം 20 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കും. വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെയോട് കൂടുതല്‍ വാഗണുകള്‍ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി കല്‍ക്കരി ശേഖരം വര്‍ധിച്ചുവരികയാണ്. വിതരണം വേഗത്തിലാക്കുന്നതോടെ ഒരു മാസത്തിനകം സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. കല്‍ക്കരി-ഊര്‍ജ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സ്ഥിതിഗതികളെപ്പറ്റി വിവരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയ കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാര്‍ കല്‍ക്കരി ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിവരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.

- Advertisement -

താപനിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെ 350 റേക്കുകള്‍ അധികമായി ഏര്‍പ്പെടുത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രാജ്യതലസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന ഡല്‍ഹി സര്‍ക്കാരിന്റെ വാദം കേന്ദ്രം തള്ളി. കണക്കുകള്‍ നിരത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തത്. നിലയങ്ങള്‍ ആവശ്യപ്പെടുന്ന അളവില്‍ കല്‍ക്കരി ലഭ്യമാക്കാന്‍ കോള്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രം അവകാശപ്പെട്ടു.

ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില അടുത്തിടയായി മൂന്ന് തവണയാണ് വര്‍ധിച്ചത്. ഇത് ഇറക്കുമതിയെ ബാധിച്ചു. കല്‍ക്കരിയുടെ ഇറക്കുമതി 12 ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ ഇറക്കുമതിയെ മുഖ്യമായും ആശ്രയിച്ചിരുന്ന നിലയങ്ങള്‍ പ്രതിസന്ധിയിലായി. ഖനികളില്‍നിന്ന് കല്‍ക്കരി സംഭരിക്കാന്‍ അടുത്തിടെ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് കേന്ദ്രം പറയുന്നു. കോള്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള 19,000 കോടിയോളം രൂപ ഉടന്‍ നല്‍കണമെന്നും വിവിധ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. മഹാരാഷ്ട്ര (26,000 കോടി), തമിഴ്‌നാട് (1,100 കോടി), മധ്യപ്രദേശ് (1,000 കോടി) എന്നിങ്ങനെയാണ് കോള്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

- Advertisement -

Leave A Reply

Your email address will not be published.