Ultimate magazine theme for WordPress.

കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില; 30 ദിവസം കൊണ്ട് കൂടിയത് 30 രൂപ; കോഴികളുടെ ശരാശരി ഭാരവും കുറയുന്നു; പിന്നിൽ വൻ ലോബികളെന്ന് ആക്ഷേപം

0

 

ഹോട്ടലുകളിലും തട്ടുകടകളിലും എത്തിയാൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്തതാണ് കോഴി വിഭവങ്ങൾ. നിർത്തിപ്പൊരിച്ച കോഴി മുതൽ ചിക്കൻ പാട്സ് വരെ നീളുന്ന കോഴി വിഭവങ്ങൾ.

- Advertisement -

എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീൻമേശകളെ പൊള്ളിക്കുകയാണ് ഇറച്ചിക്കോഴി വില. കോഴിവില തിളച്ച് മറിഞ്ഞതോടെ പല ഹോട്ടലുകളും വാങ്ങുന്ന കോഴിയുടെ അളവും കുറച്ചെന്ന് കോഴി വ്യാപാരികൾ പറയുന്നു. തുടർച്ചയായി കോഴി വില ഉയരുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ഹോട്ടൽ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതൽ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്ക് 150 മുതൽ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതൽ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120- 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവർദ്ധനയ്ക്കുള്ള പ്രധാന കാരണം. മാത്രമല്ല ചൂട് കൂടിയതോടെ കോഴികളുടെ തൂക്കവും കുറഞ്ഞു. മുമ്പ് ശരാശരി 3- 4 കിലോയുണ്ടായിരുന്ന കോഴികൾക്കിപ്പോൾ രണ്ട് കിലോയിൽ താഴെയാണ് തൂക്കം.

എന്നാൽ തീറ്റ നൽകുന്നതിനടക്കമുള്ള ചെലവ് കണക്കാക്കിയാൽ വില വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് തലസ്ഥാനത്തെ ഫാമുടമ പറയുന്നു. കൂടാതെ ചൂട് താങ്ങാനാകാതെ നിരവധി കോഴികൾ ദിവസവും ചാകുന്നുമുണ്ട്. ഇതും ഫാമുടമകൾക്ക് നഷ്ടമാണ്. വില കൂടിയതോടെ വില്പനയും കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു. നിശ്ചിത ദിവസം കഴിഞ്ഞാൽ ബ്രോയിലർ കോഴികൾ ചത്തുപോകാൻ സാധ്യതയുള്ളതിനാൽ ഇത് ഫാമുടമകൾക്കും കച്ചവടക്കാർക്കും നഷ്ടമുണ്ടാക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിവരവ് കുറഞ്ഞാൽ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു.

പിന്നിൽ വൻ ലോബികൾ

തുടർച്ചയായി ഇറച്ചി കോഴിയ്ക്ക് വില വർദ്ധിപ്പിക്കുന്നതിന് പിന്നിൽ കേരള- തമിഴ്നാട് ലോബികൾ. മുമ്പ് ഉത്സവ സീസണുകളിലാണ് കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ള ലാഭം കൊയ്തിരുന്നതെങ്കിൽ ഇപ്പോഴത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വലിയ തോതിൽ കോഴിയെ ഉത്പാദിപ്പിച്ച ശേഷം വളരെപ്പെട്ടന്ന് കോഴിക്കുഞ്ഞുങ്ങൾക്ക് ക്ഷാമം ഉണ്ടാക്കുകയാണ് പതിവ്. ഇതിനൊപ്പം കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയാക്കും. ഈ സമയം മുതലെടുത്ത് വൻതോതിൽ ഉത്പാദിപ്പിച്ച കോഴി വിറ്റഴിക്കുകയും, ഒപ്പം വൻ തുക വാങ്ങി കോഴിക്കുഞ്ഞുങ്ങളുടെ വിൽപ്പനയും നടത്തും. കൊള്ളലാഭം വൻകിട ഫാമുകൾ കൊയ്യുമ്പോൾ സാധാരണ ഫാമുകൾ തകരുകയും സാധാരണക്കാരന്റെ കീശ കീറുകയും ചെയ്യുന്നതാണ് പതിവ്.

 

- Advertisement -

Leave A Reply

Your email address will not be published.