Ultimate magazine theme for WordPress.

ആശങ്കയൊഴിയുന്നില്ല ഇന്നും പരക്കെ മഴക്ക് സാധ്യത, മുന്നൊരുക്കത്തോടെ കേരളം

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ പൊതു സാഹചര്യം പരിശോധിച്ചാല്‍ ഇന്നും പരക്കെ മഴക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. വ്യാപക മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വളരെ കരുതലോടെയാണ് അധികൃതര്‍ ഇടപെടുന്നത്. മഴ ശക്തമായാല്‍ കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുന്നതടക്കം പരിഗണിക്കും. കൊവിഡ് പ്രശ്‌നങ്ങളും ദുരിതാശ്വാസത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു.

കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. എങ്കിലും മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയില്‍ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകളാണ് ഭാഗീകമായി നശിച്ചത്. പാലക്കാടു മഴയുണ്ടെങ്കിലും ശക്തമല്ല ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടി. ജില്ലയിലെ 8 ല്‍ ആറു ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

- Advertisement -

കൊല്ലം തെന്മല ഡാമില്‍ നിന്ന് രാവിലെ 7 മണി മുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്‌കൂളുകളിലെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൊക്കയാറില്‍ കാണാതായ 3 വയസ്സുകാരനായി തെരച്ചില്‍ ഇന്നും തുടരും. പ്രദേശത്ത് മാത്രം തകര്‍ന്നത് നൂറിലേറെ വീടുകള്‍. കൂട്ടിക്കലില്‍ ഒരാള്‍ കൂടി മരിച്ചെന്ന് സംശയം.

പത്തനംതിട്ടയില്‍ ജാഗ്രത തുടരുകയാണ്. മലയോരമേഖലയില്‍ ശക്തമായ മഴയുണ്ട്. പമ്പ ,അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കക്കി അണക്കെട്ട് 11 മണിക്ക് തുറക്കും. ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്കെത്തി.

- Advertisement -

Leave A Reply

Your email address will not be published.