ദത്ത് വിവാദത്തിൽ സിപിഎം വിശദീകരണം; പാർട്ടിക്ക് ഒന്നും ചെയ്യാനില്ല, നിയമപരമായി പോയാൽ പിന്തുണയ്ക്കുമെന്ന് ആനാവൂർ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ വിശദീകരണവുമായി സിപിഎം. കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ. കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നും ആനാവൂർ വിശദീകരിച്ചു. അനുപമ ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ പറയുന്നത്.
അനുപമ തന്നെ സമീപിച്ചിട്ടില്ല, പരാതി ഇവിടെ കൊടുക്കുകയാണ് ചെയ്തത്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നം അല്ല എന്നാണ് ഞാൻ പറഞ്ഞത്, മോളേ എന്ന് വിളിച്ചാണ് സംസാരിച്ചത്. ഇതാണ് ആനാവൂരിന്റെ വിശദീകരണം. എന്നാൽ ഈ വാദം അനുപമയും ഭർത്താവും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ല. തൻ്റെ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ പറയുന്നത്.
- Advertisement -
അനുപമയ്ക്ക് കുട്ടിയെ കിട്ടണമെന്ന് തന്നെയാണ് നിലപാടെന്ന് ആനാവൂർ പറയുന്നു. നിയമപരമായി നീങ്ങിയാൽ അനുപമയ്ക്ക് പിന്തുണ നൽകുമെന്നും പക്ഷേ പാർട്ടി ഇടപെട്ടാൽ കുഞ്ഞിനെ തിരികെ നൽകാൻ കഴിയില്ലായിരുന്നുവെന്നാണ് ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പറയുന്നത്. കുഞ്ഞിനെ കൊടുക്കണമെന്ന് പറഞ്ഞ് ജയചന്ദ്രനെ വിളിച്ചു സംസാരിച്ചുവെന്നും പരാതി പാർട്ടി സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തുവെന്നും ആനാവൂർ പറയുന്നു.
സമ്മതത്തോടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചെന്നാണ് ജയചന്ദ്രൻ പറഞ്ഞതെന്നും കുഞ്ഞിനെ കൊടുത്ത കാര്യം അറിഞ്ഞിട്ടും അജിത്ത് പറഞ്ഞില്ലെന്നുമാണ് വിശദീകരണം. നിയമപ്രകാരം മുന്നോട്ടു പോയാൽ കുഞ്ഞിനെ തിരികെ ലഭിക്കാൻ പാർട്ടി പിന്തുണ ലഭിക്കും. നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാകാതെ കുഞ്ഞിനെ തിരികെ കൊടുക്കാൻ പറ്റില്ല.
ശിശുക്ഷേമ സമിതി ചെയർമാൻ ഷിജു ഘാനോട് സംസാരിച്ചുവെന്ന് പറഞ്ഞ ആനാവൂർ, വിഷയത്തിൽ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് അവകാശപ്പെട്ടു. പൊലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യണമായിരുന്നുവെന്നും ആനാവൂർ പറഞ്ഞു.
- Advertisement -