തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിലെ ആറ് പ്രതികളും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
- Advertisement -
കുഞ്ഞിനെ കാണാനില്ലെന്ന പരാതി നൽകിയ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത തുടങ്ങിയ ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസിൽ പൊലീസിന്റെ നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററിൽ കുഞ്ഞിന്റെ അച്ഛൻറെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു.
കാട്ടാക്കട പഞ്ചായത്തിൽ നിന്നും കുട്ടിയുടെ വിവരം പൊലീസ് ശേഖരിച്ചു. വിവാദത്തിൽ ഉൾപ്പെട്ട എല്ലാവരിൽ നിന്നും പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തോടൊപ്പം സാമൂഹ്യക്ഷേമ വകുപ്പിൻറെ അന്വേഷണവും നടക്കുകയാണ്. ദത്തെടുക്കലിലുണ്ടായ വീഴ്ചകൾ റിപ്പോർട്ടിലുണ്ടാകും. ദത്ത് നടപടികൾ അന്തിമമായി പൂർത്തിയാകാത്തതിനാൽ കുഞ്ഞിൻറെ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യം ഇതിനകം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചുകഴിഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും സർക്കാർ അന്വേഷണവും അറിയിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ തീർപ്പാണ് ഇനി പ്രധാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയത്തിന് കീഴിലെ നോഡൽ ഏജൻസി കാര വഴിയാണ് കുഞ്ഞിനെ ആഗസ്റ്റ് ഏഴിന് ദത്ത് നൽകിയത്.
- Advertisement -