Ultimate magazine theme for WordPress.

നവംബർ 10 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണം: സുപ്രിംകോടതി; അടുത്തവാദം നവംബർ 11ന്

0

ന്യൂഡൽഹി: നവംബർ പത്ത് വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രിംകോടതിയുടെ ഇടക്കാലവിധി. ഇതുസംബന്ധിച്ച മേൽനോട്ട സമിതി ശുപാർശ കോടതി അംഗീകരിച്ചു. കേസ് ഇനി നവംബർ പതിനൊന്നിനു പരിഗണിക്കും.

കേരളത്തിന്റെ വാദം ഭാഗീകമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിർത്താൻ സുപ്രിംകോടതി നിർദേശിച്ചത്. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ കേരളത്തിന്റെ പ്രതികരണം കുറിപ്പായി എഴുതി നൽകിയിട്ടുണ്ടെന്ന് സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. ജലനിരപ്പ് നിശ്ചയിക്കുന്നതിന് തമിഴ്നാട് പിന്തുടരുന്ന റൂൾ കർവിൽ എതിർപ്പ് അറയിച്ച കേരളം ഇക്കാര്യത്തിൽ വിശദ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടു.

- Advertisement -

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാണെങ്കിൽ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രിംകോടതിയിൽ വാദിച്ചിരുന്നു. 139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാൽ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കി.

അണക്കെട്ടിന്റെ ബലക്ഷയവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും കേരളം ഇന്ന് സുപ്രിംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കേരളം സമർപ്പിച്ച റൂൾ കർവ്വ് പ്രകാരം ഒക്ടോബർ 31 വരെ 136 അടിയായും നവംബർ 10 138.3 അടിയായും അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് നിർദേശിക്കുന്നത്. 139.5 അടിയായി നവംബർ പത്ത് വരെ ജലനിരപ്പ് നിജപ്പെടുത്താനാണ് തമിഴ്നാട് നിർദേശിച്ചത്. ഇതു തന്നെ മേൽനോട്ടസമിതിയുടെ നിർദേശത്തിലുമുള്ളത്. ഈ നിർദേശം അംഗീകരിച്ചാണ് ഇപ്പോൾ സുപ്രിംകോടതിയുടെ വിധി.

കഴിഞ്ഞ 100 വർഷത്തെ സാഹചര്യം പരിഗണിച്ചാണ് കേരളം റൂൾകർവ് തീരുമാനിക്കുന്നതെന്നും എന്നാൽ തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവാണ് മേൽനോട്ട സമിതി അംഗീകരിക്കുന്നതെന്നും ഇന്ന് കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. തമിഴ്നാടിന്റെ രൂൾ കർവ് അനുസരിച്ച് മുന്നോട്ട് പോകാനാവില്ലെന്നും കേരളം നിലപാടറിയിച്ചു. മേൽനോട്ട സമിതി ഇത്തരം കാര്യങ്ങളിൽ കൃത്യമായി തീരുമാനമെടുക്കുന്നില്ലെന്ന വിമർശനം ജസ്റ്റിസ് കൻവിൽക്കർ ഇന്ന് ഉന്നയിച്ചു.

നവംബർ എട്ടിനകം കേരളം വിശദ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. അടുത്ത വാദം കേൾക്കൽ വരെ ജലനിരപ്പ് മേൽനോട്ട സമിതി നിർദേശിച്ച 139.5 അടിയായി നിജപ്പെടുത്തും. മേൽനോട്ട സമിതിക്ക് ഇതിൽ പുനപ്പരിശോധനയ്ക്ക് അധികാരമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.