ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം നവംബർ 30 വരെ നീട്ടി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 28-ന് മാർഗനിർദ്ദേശങ്ങൾ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
രാജ്യത്തുടനീളം ഉത്സവ സീസൺ നടക്കുന്ന സമയമായതിനാലാണ് കൊവിഡ് മാർഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഉത്സവ സീസണിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ, അത് കൊവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കാമെന്ന് വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
- Advertisement -
കുറച്ചു ദിവസങ്ങളായി, ഇന്ത്യയിൽ പ്രതിദിനം 10,000-20,000 വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ചത്തെ കണക്കുകൾ പ്രകാരം, 24 മണിക്കൂറിനിടെ 16,156 കേസുകളാണ് സ്ഥിരീകരിച്ചത്. 733 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച, 100 കോടിയിലധികം പേർക്ക് വാക്സിൻ ഡോസുകൾ നൽകി രാജ്യം നേട്ടം കൈവരിച്ചിരുന്നു.
- Advertisement -