Ultimate magazine theme for WordPress.

താരത്തിന്റെ വിയോഗ ദുഃഖം മാറാതെ കർണ്ണാടക; പൂനീത് രാജ്കുമാറിന് ഇന്ന് അന്ത്യയാത്ര

0

ബെംഗളൂരു: കന്നഡയുടെ ദുഃഖം തീരുന്നില്ല. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ (46) സംസ്‌കാരം ഇന്ന് തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോസിൽ നടക്കും. അച്ഛൻ കന്നഡ ഇതിഹാസ താരം രാജ്കുമാറും അമ്മ പാർവതമ്മയും അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ്. നടന് അന്ത്യാജ്ഞലി അർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് ഇപ്പോഴും എത്തുന്നത്.

സംസ്‌കാരം ഇന്നലെ വൈകിട്ട് നടത്താൻ ഒരുക്കം പൂർത്തിയാക്കിയെങ്കിലും യുഎസിലുള്ള മൂത്ത മകൾ എത്താൻ വൈകി. അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയ വൻ ജനക്കൂട്ടത്തിന്റെ നിര നീണ്ടതു കൂടി കണക്കിലെടുത്താണ് ചടങ്ങ് ഇന്നാക്കിയതെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. രാവിലെ 6 മണിയോടെ വിലാപയാത്ര തുടങ്ങും. 11 മണിക്കകം സംസ്‌കാരച്ചടങ്ങു പൂർത്തിയാക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

വെള്ളിയാഴ്ച വൈകിട്ടു ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹം ഒരു നോക്കു കാണാൻ പതിനായിരക്കണക്കിനാളുകളാണ് ഇന്നലെയും ഒഴുകിയെത്തിയത്. പലരും ഉറക്കെക്കരഞ്ഞു. ഗവർണർ തവർചന്ദ് ഗെലോട്ട്, തമിഴ്, തെലുങ്ക് താരങ്ങൾ എന്നിവരുൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നലെ അനൗദ്യോഗികമായി അവധി നൽകി. പ്രിയതാരത്തിന്റെ വേർപാട് താങ്ങാനാകാതെ 2 ആരാധകർ കുഴഞ്ഞുവീണ് മരിച്ചു; 2 പേർ ജീവനൊടുക്കി.

തങ്ങളുടെ ‘അപ്പു’വിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്‌കാരമെന്ന് മന്ത്രി ആർ.അശോക അറിയിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.

അതിനിടെ പുനീതിന്റെ പെട്ടെന്നുള്ള മരണത്തെ അദ്ദേഹത്തിന്റെ ജീവിത ശൈലിയുമായി ബന്ധിപ്പിക്കേണ്ടെന്നു കുടുംബ ഡോക്ടർ രമണ റാവു പറഞ്ഞു. വ്യായാമ ശേഷമുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ഭാര്യ അശ്വിനിക്കൊപ്പമാണു ക്ലിനിക്കിൽ എത്തിയത്. രക്തസമ്മർദവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിലായിരുന്നു. ക്ഷീണമുണ്ടെന്ന് ഒരിക്കലും പറയാത്ത പുനീത് അന്ന് അങ്ങനെ പറഞ്ഞുവെന്നും ഡോക്ടർ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.