Ultimate magazine theme for WordPress.

ബിനീഷ് കോടിയേരി ഉച്ചയോടെ തിരുവനന്തപുരത്തെത്തും; ഇഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത

0

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്. ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിന് പുറത്തുണ്ടായിരുന്നു. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. ബിജെപിയാണ് പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടൽ എന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. വിശദമായ വാർത്താസമ്മേളനത്തിനും ആലോചനയുണ്ട്

ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കിൽ 10 ദിവസത്തിന് ഉള്ളിൽ ഇറങ്ങിയേനെ എന്നും കേരളത്തിൽ എത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചിരുന്നു.

- Advertisement -

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ടാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാൻ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പെടെ കർശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകൾ കർശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അന്വേഷണം ഏതെങ്കിലും സാഹചര്യത്തിൽ ബിനീഷിലേക്കെത്തിയാൽ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയിൽ രണ്ട് കേന്ദ്ര ഏജൻസികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

 

- Advertisement -

Leave A Reply

Your email address will not be published.