മലപ്പുറം: കരുവാരകുണ്ട് മലയോര ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ പകൽ കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിൽ. തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്റ്റേറ്റിൽ ജയിംസിന്റെ താമസസ്ഥലത്തിനോട് ചേർന്നാണ് ഞായറാഴ്ച ഉച്ചയോടെ കടുവയെ കണ്ടത്. കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിലായിരുന്നു കടുവ. നാട്ടുകാർ പകർത്തിയ വീഡിയോകളും കടുവയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പരിസരത്തുള്ളവർ പുറത്തിറങ്ങാൻ പോലുമാവാതെ വീടുകളിൽ കഴിയേണ്ട അവസ്ഥയിലാണ്.
കാട്ടുപോത്തിന്റെ അക്രമണത്തിൽ യുവാവ് മരിച്ചതും ഈ സ്ഥലത്താണ്. സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്ന് കിടക്കുന്ന വനപ്രദേശത്തിന്റെ താഴ്വാരമാണ് കുണ്ടോട. കടുവയെ കണ്ട ഭാഗം നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രമാണ്. മാത്രമല്ല കടുവയെ കണ്ട ചൂളിമ്മൽ എസ്റ്റേറ്റിനു മുകളിൽ കിലോമീറ്ററുകൾ ദൂരത്തിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയാണ്. ദിനേന നൂറുകണക്കിനാളുകൾ ജോലിക്കെത്തുന്ന ഭാഗം കൂടിയാണിത്.
- Advertisement -
കഴിഞ്ഞയാഴ്ച കൽക്കുണ്ടിൽ വളർത്തുനായയെ കടുവ കൊന്നുതിന്നിരുന്നു. കൽക്കുണ്ട് ആർത്തലക്കുന്ന് കോളനിയിൽ വെള്ളാരംകുന്നേൽ പ്രകാശന്റെ വളർത്തുനായയെയാണ് കടുവ കൊന്നു തിന്നത്. പ്രകാശന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് കടുവ ഭക്ഷണമാക്കിയത്. പുലികൾ ജനവാസ കേന്ദ്രത്തിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു തിന്ന് നാട്ടിൽ ഭീതി പരത്തിയതിന് പിന്നാലെയാണ് കടുവയുടെ സാന്നിധ്യം കൂടി പ്രദേശത്ത് അനുഭവപ്പെടുന്നത്.
- Advertisement -