Ultimate magazine theme for WordPress.

ദളിത് യുവാവിനെ വിവാഹം കഴിച്ച യുവതിയെ ‘ശുദ്ധീകരണ’ ചടങ്ങിന് വിധേയയാക്കി കുടുംബം

0

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ ‘ശുദ്ധീകരണ’ ചടങ്ങിന് വിധേയയാക്കി കുടുംബം. മധ്യപ്രദേശിൽ ബൈതൂൾ ജില്ലയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ നഴ്‌സിങ് വിദ്യാർഥിയാണ് കുടുംബത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയുടെ മുടി മുറിക്കുകയും നർമദ നദിയിൽ മുങ്ങി സ്വയം ശുദ്ധീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നോക്ക ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനാലാണ് കുടുംബം ഈ ആചാരത്തിന് നിർബന്ധിച്ചതെന്ന് യുവതി പരാതിപ്പെട്ടു.

ദമ്പതികൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിപ്പെട്ടതോടെയാണ് ഓഗസ്റ്റിൽ നടന്ന സംഭവം പുറംലോകമറിയുന്നത്. ചടങ്ങിനു പിന്നാലെ അതേ സമുദായത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കുടുംബം നിർബന്ധിക്കുന്നതായും യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ നാലോളം കുടുംബാംഗങ്ങൾക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

- Advertisement -

ഒ.ബി.സി. വിഭാഗത്തിൽ പെട്ട യുവതി ഇരുപത്തിയേഴുകാരനായ യുവാവിനെ 2020 മാർച്ച് പതിനൊന്നിനാണ് രഹസ്യ വിവാഹം ചെയ്തത്. ഡിസംബർ മുതൽ ഇരുവരും ഒന്നിച്ചു നിൽക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ഇതോടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ ചോപ്ന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് യുവതിയെ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു. ബേതുലിലെ നഴ്‌സിങ് കോളേജിൽ പഠിക്കുന്ന യുവതി മാർച്ചിൽ ഹോസ്റ്റലിലേക്ക് തിരികെ പോയി. തുടർന്ന് മാസങ്ങൾക്കിപ്പുറം ഓഗസ്റ്റിലാണ് കുടുംബം യുവതിയെ നർമദ നദിയിലെത്തി ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിച്ചത്.

ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും വിവാഹമോചിതരാകണമെന്നും യുവതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ദമ്പതികളുടെ ജീവന് സുരക്ഷ ഉറപ്പു വരുത്തുമെന്നും പോലീസ് സൂപ്രണ്ടന്റ് സിമാല പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.