Ultimate magazine theme for WordPress.

എന്ത് പ്രഹസനമാണിത് നേതാക്കളെ, വാചകമടി കൊണ്ട് കാലാവസ്ഥാ വ്യതിയാനം തടയാനാവില്ല: ഗ്രെറ്റ

0

കാലാവസ്ഥാ വ്യതിയാനം തടയാൻ ബ്ലാ ബ്ലാ ബ്ലാ വർത്തമാനം മതിയാവില്ലെന്ന് കാലാവസ്ഥാ മാറ്റത്തിനെതിരെ പൊരുതുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ നടക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ മാർച്ചിനിടെയാണ് ഗ്രെറ്റ ആഗോള നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. സമ്മേളനം വെറും പ്രഹസനമാണെന്ന് ഗ്രെറ്റ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ലോകത്തിന്റെ ഭാവിയെ ഗൗരവത്തോടെ കാണുന്നുവെന്ന് അഭിനയിക്കുക മാത്രമാണെന്നും ഗ്രെറ്റ പറഞ്ഞു.

ഉച്ചകോടി നടക്കുന്നതിനിടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തകർ ഗ്ലാസ്ഗോയിലെ ഉച്ചകോടി വേദിക്കടുത്തുനിന്നും ക്ലൈഡ് നദിയുടെ എതിർ കരയിലേക്ക് മാർച്ച് നടത്തി. ‘ഞങ്ങൾ നിങ്ങളെ കാണുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു മാർച്ച്.

- Advertisement -

”മാറ്റമുണ്ടാവേണ്ടത് ഉള്ളിൽ നിന്നാണ്. നമ്മുടെ നേതാക്കൾക്ക് അത് സംഭവിക്കുന്നില്ല.”-മാധ്യമപ്രവർത്തകർക്കു മുന്നിൽ ഗ്രെറ്റ പറഞ്ഞു. കൂടുതൽ വിടുവായത്തങ്ങളല്ല വേണ്ടതെന്നും ഭൂമിയെ രക്ഷിക്കാൻ അടിയന്തിരമായ നടപടികളാണ് ഉണ്ടാവേണ്ടതെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ പറഞ്ഞു. ”ഇനിയും പരിസ്ഥിതി ചൂഷണമല്ല ഉണ്ടാവേണ്ടത്. ഇനിയും ജനചൂഷണമല്ല ഉണ്ടാവേണ്ടത്. അതു കണ്ടുകണ്ട് നമ്മൾ തളർന്നു കഴിഞ്ഞു.”-ഗ്രെറ്റ പറഞ്ഞു.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ ഉച്ചകോടി കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. ലോകമെങ്ങുമുള്ള രാഷ്ട്രത്തലവൻമാരും ഉദ്യോഗസ്ഥ പ്രമുഖരും മറ്റും പങ്കെടുക്കുന്ന ഉച്ചകോടി കാർബൺ ഡേയാക്സൈഡിന്റെ ആഗോള പുറന്തള്ളൽ ഈ പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഏഴ് ശതമാനമായി കുറയ്ക്കുക, 1.5 ഡ്രിഗ്രീ സെൽഷ്യസിൽ ആഗോള താപനം നിലനിർത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. എന്നാൽ, ഇത് വെറും പ്രഹസനം ആണെന്നും 2014-ലെ കാലാവസ്ഥാ ഉച്ചകോടിയിൽ എടുത്ത സമാനമായ തീരുമാനങ്ങളിലൊന്ന് പോലും നടപ്പാക്കാൻ ആരും ശ്രമിച്ചില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

- Advertisement -

Leave A Reply

Your email address will not be published.