തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ കന്യാകുമാരി തീരത്തോട് കൂടുതൽ അടുക്കും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം ഉണ്ട്.
മഴമൂലം നിർത്തി വച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മഴമൂലമുണ്ടായ ഗതാഗത തടസങ്ങൾ ഒഴിവാക്കിയെന്നു പോലീസ് അറിയിച്ചു. ജില്ലയിൽ രാത്രി വൈകി കാര്യമായ മഴയുണ്ടായില്ല. എന്നാൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.
- Advertisement -
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജല നിരപ്പ് ഉയർന്നു. 138.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. കഴിഞ്ഞദിവസം അണക്കെട്ട് സന്ദർശിച്ച ഉപസമിതി ഉടൻ ഓൺലൈനായി യോഗം ചേരും . തുടർന്ന് അടുത്ത മേൽനോട്ടസമിതിക്ക് റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
- Advertisement -