Ultimate magazine theme for WordPress.

വരൾച്ചയിൽ വിളകളെ സംരക്ഷിക്കാൻ ഹൈഡ്രോജെൽ ക്യാപ്സ്യുൾ

0

ടെറസിലെ പച്ചക്കറി കൃഷി ഇപ്പോൾ വ്യാപകമായികൊണ്ടിരിക്കയാണ്.
ചെടിച്ചട്ടി , ഗ്രോബാഗ് ,ഡ്രം എന്നിവയിൽ കൃഷി ചെയ്യുന്നവർക്ക് വരൾച്ചയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല .
ഇവയുടെ വലിപ്പമനുസരിച്ചും ചെടികളുടെ വളർച്ച അനുസരിച്ചും പലപ്പോഴും ഒന്നിൽ കൂടുതൽ പ്രാവശ്യം ദിവസവും നനക്കേണ്ടിവരുന്നത് അസൗകര്യമാണെന്നതാണ് പലരേയും ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
ചെടികള്‍ നനയ്ക്കുന്നതിനുവേണ്ടി മാത്രം ദൂരയാത്രകള്‍ ഒഴിവാക്കുന്ന കൃഷിപ്രിയരും ഉണ്ട്. ഇത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതാ ഒരു ഗുളിക മതി.
ഹൈഡ്രോജെൽ ക്യാപ്സ്യുൾ എന്ന പുതിയ അതിഥിയാണ് ഈ താരം . ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ചുപോലെ വെള്ളം വലിച്ചുകുടിച്ച് വീർത്ത് മണ്ണിൽ കിടക്കും. ഇത് ചെടികളുടെ വേരുപടലത്തിൽ ഒട്ടിയിരിക്കുകയും മണ്ണിൽ ജലാംശം കുറയുന്ന അവസരത്തിൽ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും.

ജലസേചനത്തിന്റെ ആവശ്യകത പൂർണ്ണമായും ഒഴിവാക്കാൻ ഇവകൊണ്ട് സാധിക്കില്ല എന്നിരുന്നാലും ഒന്നോ രണ്ടോ ദിവസം നന ഒഴിവാക്കാൻ ഇതുകൊണ്ട് കഴിയും. ബാഷ്പീകരണം മൂലം ജലനഷ്ടവും ഉണ്ടാകുന്നില്ല.

- Advertisement -

ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആണ് മണ്ണില്‍ ജലാംശം കൂടുതല്‍ സമയം സംഭരിച്ചു വയ്ക്കാന്‍ ഉതകുന്ന ഹൈഡ്രോ ജെല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ‘പൂസാ ഹൈഡ്രോ ജെല്‍’ എന്ന് അറിയപ്പെട്ടിരുന്ന ഇത് ആദ്യം തരി രൂപത്തിലായിരുന്നു.

ഇതിനെ ക്യാപ്‌സ്യൂളിനുള്ളില്‍ നിറച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാക്കിയത് പാലക്കാട് കെ വി കെ യിലെ ഡോ. കെ.എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്. ഓരോ ക്യാപ്‌സ്യൂളും 34 ഗ്രാം തൂക്കമുള്ളതാണ്. ഒരു ക്യാപ്‌സ്യൂളിന് 3 രൂപ വില വരും. ഇത് ഓരോ ചെടിയുടെയും വലുപ്പത്തിനനുസരിച്ച് വേരുപടലത്തിനോട് ചേര്‍ത്ത് മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. തരിരൂപത്തിലായിരുന്ന ഇതിന്റെ പ്രധാന പോരായ്മയായിരുന്നത് ഇവ മണ്ണിൽ ചിതറി കിടക്കുന്നതിനാൽ വേരുകൾക്ക് അവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാകും എന്നതാണ്. മണ്ണില്‍ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഗുളികകളില്‍ സംഭരിച്ചു വച്ച വെള്ളം വേരുകള്‍ എളുപ്പത്തിൽ കണ്ടെത്തി ആവശ്യത്തിന് ഉപയോഗിച്ചുകൊള്ളും. ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ഇവ വളരെ ഉപകാരപ്രദമാണെന്ന് കൃഷി വിദഗ്ധര്‍ പറയുന്നു.

വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഹൈഡ്രോജെല്ലിന്റെ ഒരിനം എട്ടുവർഷംവരെ മണ്ണിൽ അലിയാതെ കിടക്കാനുള്ള ശേഷിയും 1500 ഭാരത്തിന്റെ 1500 ഇരട്ടിവരെ വെള്ളം സംഭരിച്ചു വെക്കാനും കഴിവുണ്ട്. ഒരിക്കലും അലിയാത്തവ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ അവിടെ നിലവിലുണ്ട്. പക്ഷെ അവ ജൈവരീതിയിൽ ഉള്ളവയല്ലാത്തതിനാൽ മണ്ണിന് നല്ലതല്ല എന്നതാണ് ഒരു പ്രധാന ദോഷം.

2021 ഫെബ്രുവരിയിൽ തൃശൂരിൽ
നടന്ന അഞ്ചാമത് വൈഗ കാർഷിക മേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രദർശനശാലയിലാണ് വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ ക്യാപ്സ്യൂൾ കാർഷിക സർവ്വകലാശാല അവതരിപ്പിച്ചത്. ഒരു ക്യാപ്സൂൾ അതിൻറെ വലിപ്പത്തിന്റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു. സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.
ചെറിയ ഗ്രോബാഗുകളില്‍ ഒരു ഗുളികയും വലുതിൽ രണ്ടെണ്ണവും ഇട്ടാല്‍ മതി. അതുപോലെ വലിയ ചട്ടികളില്‍ രണ്ടെണ്ണം.
തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകൾ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക.
ജാതി, കമുക് പോലുള്ളവയ്ക്ക് 4 മുതല്‍ 10 വരെ ക്യാപ്‌സൂളുകള്‍ മതി
തെങ്ങിന് 20 എണ്ണം 20 സ്ഥലത്തായി ഇടണം. ഒരു ക്യാപ്‌സ്യൂള്‍ 3 മാസക്കാലം അല്ലെങ്കിൽ
വലിയ മഴ പെയ്യുന്നതുവരെയാണ് ഇവയുടെ ആയുസ്സ്. ഒരെണ്ണത്തിന് അതിന്റെ തൂക്കത്തിന്റെ 400 മടങ്ങ് വെള്ളം സംഭരിക്കാനാകും. ഗുളിക നല്‍കി എന്നതു കൊണ്ട് നന വേണ്ട എന്നല്ല, നനയുടെ ഇടവേള കൂട്ടാമെന്ന മെച്ചമാണുള്ളത്. ദിവസവും നനയ്ക്കുന്നിടത്ത് രണ്ടു ദിവസം കൂടുമ്പോഴോ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുന്നിടത്ത് ആഴ്ചയിലൊരിക്കലോ നന മതി എന്ന് അര്‍ഥം. വേരുപടലങ്ങളോട് ചേര്‍ന്നുതന്നെ വെള്ളം സംഭരിച്ചു വയ്ക്കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും പൂവിടലുമെല്ലാം വേഗത്തില്‍ നടക്കും. മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അതേ പദാര്‍ഥമാണ് ഹൈഡ്രോ ജെല്‍ ക്യാപ്‌സ്യൂളിന്റെ പുറംകവചത്തിലും ഉപയോഗിക്കുന്നത്. അതിനാല്‍ പ്രകൃതിക്ക് ദോഷമില്ലാത്ത വിധം വിഘടിച്ച് മണ്ണില്‍ ചേര്‍ന്നു കൊള്ളുമെന്ന് പാലക്കാട് കെ വി കെ യിലെ ടെക്‌നിഷ്യന്‍ വി.പി. ജയിംസ് പറഞ്ഞു.

ഇവ ഉപയോഗിച്ചപ്പോൾ 10 മുതൽ 25 ശതമാനം വരെ വിളവർധനയും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല ജലസേചനത്തിൽ 40 മുതൽ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും രാസവളം ജലത്തിൽ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.

ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ തന്നെ പൂസ ഹൈഡ്രോജെൽ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ടെങ്കിലും വൻകിട കർഷകർക്കിടയിൽ മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത് ഹൈഡ്രോജെൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ക്യാപ്സൂൾ രൂപത്തിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

പാലക്കാട് കെവികെയുടെ സ്റ്റാളിലും മിക്ക കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളിലും ഇത് വില്‍പനയ്ക്കുണ്ട്. ഒരു ക്യാപ്‌സ്യൂളിന് 3 രൂപയാണ് വില. ദൂരെയുള്ളവര്‍ക്ക് ആവശ്യമുള്ള ക്യാപ്‌സ്യൂളുകളുടെ വിലയും അതിന്റെ കൊറിയര്‍ ചാര്‍ജും പ്രോഗ്രാം
കോ ഓര്‍ഡിനേറ്റര്‍, കെ.വി.കെ., കേരള അഗ്രികള്‍ചര്‍ യൂണിവേഴ്‌സിറ്റി, മേലെ പട്ടാമ്പി, 6793 06 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ ആയി നല്‍കിയാല്‍ അയച്ചുതരും.

വിവരങ്ങള്‍ക്ക്: 944 6029 235.

- Advertisement -

Leave A Reply

Your email address will not be published.